മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ പത്ത് മണി മുതൽ മുംബൈ NCPA ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്‌കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. മഹാരാഷ്ട്രയിൽ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്നാണ് അദ്ദേഹത്തെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ തിങ്കളാഴ്ച പ്രവേശിച്ചിപ്പിച്ചത്. തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.