തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ നടുറോഡിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കരകുളം സ്വദേശി ബൈജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റോഡരികില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായിരുന്നു ഇയാൾ. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. ഭാര്യയെ കാണാനായി ഇയാൾ കുട്ടികളുമായി ഇവിടെ എത്തിയിരുന്നു. തുടർന്നാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബൈജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂജപ്പുര പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും തീപ്പൊള്ളലേറ്റു.
കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകി.
ശരീരം മുഴുവൻ പൊള്ളലേറ്റാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗിയെ ഏറ്റെടുക്കാൻ അറ്റൻ്ററും സ്ഥലത്തിലായിരുന്നു യുവാവിന് ട്രോളിയും സ്ട്രച്ചറും ലഭിച്ചില്ലെന്നും ആരോപണമുണ്ട്. ഇയാളെ ചികിത്സിക്കാതെ തറയിലാണ് കിടത്തിയത്.
അതെ സമയം സംഭവത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതർ രംഗത്തെത്തി. ആംബുലന്‍സ് ഡ്രൈവരാണ് പൊള്ളലേറ്റ രോഗിയെ കാഷ്വാലിറ്റിക്ക് മുന്നില്‍ കിടത്തിയതെന്നാണ് അധികൃതർ പറയുന്നത്. പൊള്ളലേറ്റ വിവരവും ആശുപത്രിയെ അറിയിച്ചില്ലെന്നും മദ്യലഹരിയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ ഇയാളെ നടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.