പോത്തന്‍കോട് : പാരസ്പര്യത്തോടെ മുന്നോട്ട് പോകുമ്പോഴാണ് പ്രകൃതി രമണീയമാകുന്നത്. വിയോജിപ്പുകള്‍ക്കപ്പുറം യോജിപ്പിന്റെ സന്ദേശമാണ് വൈല്‍ഡ് ഗാര്‍ഡന്‍ എന്ന ആശയത്തിലൂടെ ശാന്തിഗിരി മുന്നോട്ട് വെയ്ക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ശാന്തിഗിരി ഫെസ്റ്റ് നഗരിയില്‍ സജ്ജീകരിച്ച വൈല്‍ഡ് ഗാര്‍ഡന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രകൃതി എല്ലാ ജീവജാലങ്ങളുടെയും സ്വത്താണ്. അവകാശമാണ്. അവിടെ പാരസ്പര്യത്തോടെ ജീവിച്ചു പോകണം. ഒന്നും ഒന്നിന്റേയും ശത്രുവല്ല. ഒന്നും ഒന്നിനെമാത്രം ആശ്രയിച്ചു ജീവിക്കുന്നവരുമല്ല. ഇത്തരം ഉദാത്തമായ സന്ദേശം നല്‍കുക വഴി പ്രകൃതിസംരക്ഷണത്തിന്റെ ചുമതല ഏറ്റെടുത്തു കൊണ്ടുളള ശാന്തിഗിരിയുടെ പ്രവര്‍ത്തനം നാടിനാകെ അഭിമാനമാണ്. പാരിസ്ഥിക ദുരന്തങ്ങളോട് വിട ചൊല്ലണമെങ്കില്‍ ഇത്തരത്തിലുളള കര്‍മ്മപദ്ധതികള്‍ ആവശ്യമാണെന്നും ഭക്തിയും സന്തോഷവും കലയും മനുഷ്യനും പരിസ്ഥിതിയുമൊക്കെ ഉള്‍ക്കൊളളുന്ന അര്‍ത്ഥവത്തായ പരിപാടികള്‍ ശാന്തിഗിരി ഫെസ്റ്റില്‍ സംഘടിപ്പിക്കുന്നത് ഏറെ പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായി. എന്‍.സി.പി. ജില്ലാപ്രസിഡന്റ് അജി ആറ്റുകാല്‍, സബീര്‍ തിരുമല, ജോര്‍ജ് സെബാസ്റ്റ്യന്‍, സ്വാമി ജ്യോതിര്‍പ്രകാശ, ജനനി കരുണശ്രീ, ജാബിര്‍ഖാന്‍, കരകുളം നടരാജന്‍, കരകുളം വസന്ത, ഷോഫി.കെ, നസറുദ്ധീന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശാന്തിഗിരി ഫെസ്റ്റില്‍ വി.എസ്. എസ്.സിയുടെ ആഭിമുഖ്യത്തില്‍ തുടക്കമായ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബഹിരാകാശത്തെ പുതിയ മാറ്റങ്ങള്‍ കണ്ടറിയുവാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റോക്കറ്റുകളുടെ ഡെമോ, വാനനിരീക്ഷണ ശാസ്ത്രരംഗത്ത് ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന അഭിമാനപദ്ധതികള്‍, ചന്ദ്രയാന്‍, മംഗള്‍യാന്‍, പി.എസ്.എല്‍.വി എന്നിവയുടെ ലോഞ്ചിംഗ് സംബന്ധിച്ച വിവരങ്ങള്‍, ചൊവ്വയിലേക്കുള്ള യാത്ര തുടങ്ങി നിരവധി കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ടറിയുവാന്‍ സാധിക്കും. . ഒക്ടോബര്‍ 20 വരെയാണ് വി.എസ്.എസ്.സിയുടെ പ്രദര്‍ശനം. ഇന്ന് ലോകഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ഭക്ഷ്യമേള വൈകിട്ട് 6 ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.