തിരുവനന്തപുരം: കണിയാപുരത്ത് ഓട്ടോ തൊഴിലാളികൾ തമ്മിൽ തർക്കം. കണിയാപുരം റെയിൽവേ ഗേറ്റിന് സമീപത്തെ ഓട്ടോ തൊഴിലാളികൾ തമ്മിലാണ് തർക്കമുണ്ടായത്. ഒരാൾക്ക് കുത്തേറ്റു. കണിയാപുരം ചാലിൽ ലക്ഷംവീട്ടിൽ ഹാഷിം (40) ആണ് കുത്തേറ്റത്.
ഗുരുതമായി പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഡ്രൈവർമാരായ ഹാഷിമും സുലൈമാനും തമ്മിലാണ് തർക്കമുണ്ടായത്. കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ വച്ചാണ് സംഭവം നടന്നത്.
സുലൈമാൻ ചീത്ത വിളിച്ചത് ഹാഷിം ചോദ്യം ചെയ്തിരുന്നു.ഇതാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സുലൈമാൻ കൈയിൽ കരുതിയിരുന്ന പേപ്പർ കട്ടർ ഉപയോഗിച്ച് ഹാഷിമിനെ കുത്തുകയുമായി.
പേപ്പർ കട്ടർ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അന്നനാളത്തിന് ഹാഷിമിന് സാരമായി പരിക്കേറ്റിരുന്നു. പേപ്പർ കട്ടർ പല ഭാഗമായി കഴുത്തിൽ ഒടിഞ്ഞു തറച്ച നിലയിലായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മറ്റു ഡ്രൈവർമാർ ചേർന്ന് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ കണിയാപുരം ചാലിൽ ലക്ഷംവീട് സ്വദേശി സുലൈമാനിനെതിരെ (58) പോലീസ് കേസെടുത്തു. വധശ്രമത്തിന് പ്രതിയാക്കിയാണ് മംഗലപുരം പോലീസ് കേസെടുത്തത്.