എറണാകുളം: ചുമട്ടു തൊഴിലാളി മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുതിരാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി എറണാകുളം ടൗൺഹാളിൽ നടത്തിയ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു.
ഇടതുപക്ഷമുന്നണി സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാരാണെന്നും തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് ഈസി ഓഫ് ഡൂയിങ് ബിസിനെസ്സ് സംസ്ഥാനത്ത് നടപ്പിലാക്കുവാൻ ഐ.എൻ.ടി.യു.സി സമ്മതിക്കില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. മാത്രമല്ല മെക്കനൈസേഷൻ വന്നതുമൂലം തൊഴിൽ നഷ്ടപ്പെട്ട ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ ഉടമകൾക്ക് കിട്ടുന്ന അമിതലാഭത്തിൻ്റെ ഒരു വിഹിതം തൊഴിലാളികൾക്ക് കൊടുക്കണമെന്നും ആർട്ടിഫിഷൽ ഇൻറ്റലിജെൻസ് സംവിധാനം പ്രോത്സാഹിപ്പിക്കുവാൻ എ.ഐ.കോൺക്ലേവ് സംഘടിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണെന്നും തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന എ.ഐ.മേഖലയുടെ പ്രോത്സാഹനം കോർപറേറ്റുകളെ സഹായിക്കുവാനാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൻറെ ഭാഗമായി നവംബർ 14 നു സംസ്ഥാനത്തെ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് സബ് കമ്മിറ്റി ഓഫീസുകളുടെ മുന്നിലും നവംബർ 20 നു ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുന്നതിനും തീരുമാനിച്ചു.സംസ്ഥാന ഫെഡറേഷൻ പ്രസിഡൻറ് എ.കെ.ഹഫീസ് അധ്യക്ഷത വഹിച്ചു.ടി.ജെ.വിനോദ് എം.എൽ.എ, പി.ജെ.ജോയ് എക്സ്- എം.എൽ.എ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. ഇബ്രാഹിം കുട്ടി, വി.ആർ.പ്രതാപൻ, ജില്ലാ പ്രസിഡൻറ്മാരായ ഫിലിപ്പ് ജോസഫ്, രാജു മാട്ടുക്കാരൻ, കെ.അപ്പു, വി.പി. ഫിറോസ്, ബാബു ജോർജ്, പി.പി.തോമസ് , ടി.കെ.രമേശൻ, ചിറ്റമൂല നാസർ, ടി.കെ.ഗോപി, ഡി.കുമാർ,വെട്ടുറോഡ് സലാം,എസ്.നാസറുദ്ധീൻ, അസീസ് പായിക്കാട്, കുഞ്ഞിരാമൻ, അബ്ദുൽ സലാം, എ.ടി.നിഷാദ്, മലയം ശ്രീകണ്ഠൻ നായർ, അലിയാർ.പി.പി,കോലോത്ത് ഭാസ്കരൻ , ഏരൂർ സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു.