
ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു. നാഗർകോവിലിൽ താമസിക്കുന്ന മലയാളിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്.
നാഗർകോവിലിലെ ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലായിരുന്നു ശ്രുതി. ഇവിടെ വച്ചാണ് ആത്മഹത്യ. തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കാണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെ വിവാഹം. ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. ശ്രുതിയുടെ വീട്ടുകാർ കല്യാണ സമയത്ത് 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ കുറവാണെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് സന്ദേശത്തിൽ പറയുന്നത്.
മാത്രമല്ല തിരികെ വീട്ടിൽ പോകാൻ കാർത്തിക്കിന്റെ ‘അമ്മ പീഡിപ്പിക്കുമായിരുന്നുവെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തികിന്റെ അമ്മ നിര്‍ബന്ധിച്ചുവെന്നും ശ്രുതിയുടെ സന്ദേശത്തിൽ പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


