ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ നടൻ വിളിച്ച് ഭീഷണിപ്പെടുത്തി എന്നാരോപണം. നടൻ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി.
ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയത്. റിവ്യൂവിൻറെ പേരിലല്ല ആദർശിനെ വിളിച്ചതെന്നാണ് ജോജു ജോർജ് പറയുന്നത്. മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ പ്രചരിപ്പിക്കുകയുമാണ് ആദർശ് ചെയ്തതെന്നും ഇങ്ങനെ ചെയ്തതുകൊണ്ടുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് റിയാക്റ്റ് ചെയ്തതെന്നുമാണ് ജോജു വ്യക്തമാക്കുന്നത്.
ആദർശ് ഒരേ റിവ്യു ഒരുപാട് സ്ഥലങ്ങളിൽ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. കൂടാതെ പല വ്യക്തികളോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. അങ്ങനെയാണ് അയാളോട് സംസാരിക്കണമെന്ന് തോന്നിയതെന്നും അതിനാലാണ് വിളിച്ചതെന്നും ജോജു പറഞ്ഞു.
സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം. പക്ഷെ ഇതുപോലെ ഡ്രഗ്രേഡ് ചെയ്യാൻ പാടില്ല. ഇവിടുത്തെ ഒരു റിവ്യൂവറും ഇത്തരത്തിൽ സ്‌പോയിലർ ഇടാറില്ല. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സ്‌പോയിലറായി പറഞ്ഞിരിക്കുന്നത്. തന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. തനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ജോജു ജോർജ് പറഞ്ഞു.