തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ്. പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നും രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള ആംബുലൻസിൽ സുരേഷ് ഗോപി യാത്ര ചെയ്തെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. സേവാഭാരതിയുടെ ആംബുലൻസിലാണ് പൂരം കലങ്ങിയതിന് പിന്നാലെ സുരേഷ് ഗോപി എത്തിയത്.
ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമെ രണ്ടു പേർക്ക് എതിരെ കൂടി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പൊലീസ് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.