
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് വിലക്കുറവിൽ വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന ദീർഘകാല കരാറുകൾ റദ്ദാക്കി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അധികഭാരം കേരളത്തിലെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അദാനി ഗ്രൂപ്പിനെ രംഗത്ത് കൊണ്ടുവരാൻ വേണ്ടി മാത്രമാണെന്ന് ചെന്നിത്തല ആരോപിച്ചു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുന്ന കരാർ ആര്യാടൻ മുഹമ്മദ് വൈദ്യുതമന്ത്രിയായിരുന്നപ്പോൾ ഒപ്പുവെച്ചതാണെന്നും അത് റദ്ദാക്കി അദാനിയിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ലക്ഷ്യം കേരളത്തിന്റെ വൈദ്യുത വിതരണ രംഗത്തേക്ക് അദാനി എന്ന ഭീമനെ കൊണ്ടു നിർത്തുക എന്നത് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.നാല് രൂപ 29 പൈസയ്ക്ക് വൈദ്യുതി ലഭിക്കുന്ന കരാർ റദ്ദാക്കി യൂണിറ്റിന് പത്തു രൂപ 25 പൈസ മുതൽ 14 രൂപ മൂന്നു പൈസ വരെ അദാനിയിൽ നിന്ന് നാല് കരാറിലൂടെ സർക്കാർ ഇപ്പോൾ വാങ്ങിക്കൊണ്ടിരിക്കുകയാണ്.
അദാനിക്ക് ലാഭം ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ കൊള്ളയടിക്കരുതെന്നും ഇതിനു വേണ്ടി മാത്രമാണ് വിലക്കയറ്റം കൊണ്ട് വലഞ്ഞ കേരളത്തിലെ ജനങ്ങൾക്ക് മേൽ വൈദ്യുത ചാർജ് വർധനയുടെ അധികഭാരം അടിച്ചേൽപ്പിക്കുന്നതെന്നും വിലവർധനവ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


