തിരുവനന്തപുരം: ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണം. വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ട്. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല. സർക്കാർ അത് അംഗീകരിക്കുകയുമില്ല. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം. ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തും. സെക്രട്ടേറിയറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുണ്ടാകും. ജനങ്ങളുടെ ദാസൻമാരായാണ് വിവിധ ഓഫീസുകളിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. പ്രശ്‌ന പരിഹാരത്തിനായി ജനങ്ങൾ ബുദ്ധിമുട്ടരുത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സർക്കാർ അധികാരത്തിലെത്തിയ വേളയിൽ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓർമപ്പെടുത്തിയത്.
ജനങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. 800 ലധികം സേവനങ്ങൾ നേരത്തെ ഓൺലൈൻ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങൾ സഹായം തേടിയെത്തുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതൽ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിയത്.
ജനങ്ങൾക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങൾ അവർ അറിഞ്ഞു പോയാൽ സർക്കാരിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ആരോഗ്യകരമായ സമീപനങ്ങളെ സ്വീകരിക്കുകയും കലവറയില്ലാത്ത സഹകരണം നൽകുകയും ചെയ്യുന്ന നടപടി നമ്മുടെ നാട്ടിൽ സംഭവിക്കാറില്ല. ചിലരുടെ താത്പര്യം സംരക്ഷിക്കുന്ന പ്രത്യേകതരത്തിലെ പ്രചാരണമാണ് അത്തരം സന്ദർഭങ്ങളിൽ നടക്കുക. നെഗറ്റീവ് ചിന്തയും നിഷേധാത്മക നിലപാടും വളർത്തിക്കൊണ്ടുവരികയാണ് അത്തരക്കാരുടെ ലക്ഷ്യം. എന്നാൽ ജനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിധിയെഴുത്തു നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നടപ്പാക്കിയ നല്ല കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. കഴിഞ്ഞ തവണ ജനങ്ങൾ വലിയതോതിൽ ഇതുമായി സഹകരിച്ചു. ഇത്തവണയും ആളുകൾ അദാലത്തിലേക്ക് നല്ലരീതിയിൽ വരുന്നുണ്ട്. നേരത്തെ മന്ത്രിസഭായാകെ മേഖലാതലത്തിലെത്തി യോഗങ്ങൾ നടത്തി ജില്ലയിലെ പ്രശ്‌നങ്ങൾ മനസിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
മേനംകുളം വില്ലേജിലെ ഷൈലജയ്ക്ക് കരമടയ്ക്കാൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം സ്വീപ്പറായ ബേബിയുടെ മകൻ ജയകുമാറിന് ആശ്രിത സർട്ടിഫിക്കറ്റ്, താഹിറ ബീവിയ്ക്ക് ഗുരുതരരോഗങ്ങൾക്കുള്ള ചികിത്‌സാ സഹായം ലഭിക്കുന്നതിന് അന്ത്യോദയ അന്നയോജന കാർഡ് എന്നിവ മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.
ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എം. എൽ. എമാരായ ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ, അഡ്. വി. കെ. പ്രശാന്ത്, വി. ജോയ്, അഡ്വ. വി. ശശി, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കളക്ടർ അനുകുമാരി സ്വാഗതവും സബ് കളക്ടർ ഒ. വി. ആൽഫ്രഡ് നന്ദിയും പറഞ്ഞു.