
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിനു ഇനി വിശ്രമമില്ലാത്ത രാവുകൾ. ഐ എഫ് എഫ് കെയ്ക്ക് ഇന്ന് വർണ്ണാഭമായ തുടക്കം കുറിക്കുമ്പോൾ ചലച്ചിത്ര മേളയ്ക്ക് മാറ്റുകൂട്ടാനായി മാനവീയം വീഥിയും സജ്ജമായി. വ്യത്യസ്തമായ കലാപ്രകടനങ്ങൾക്കു ഇനിയുള്ള ദിവസങ്ങളിൽ മാനവീയം വീഥി വേദിയാകും.
നാളെ വൈകുന്നേരം മുതലാണ് മനവീയം വീഥിയിൽ കലാപരിപാടികൾ അരങ്ങേറുക. തുടർന്നുള്ള അഞ്ച് ദിവസങ്ങളിൽ ആസ്വാദകർക്കും സിനിമാപ്രേമികൾക്കും ആസ്വദിക്കാൻ കഴിയുന്ന കലാസാംസ്കാരിക പരിപാടികളാണു ക്രമീകരിച്ചിട്ടുള്ളത്. നാളെ വൈകുന്നേരം ഏഴിനു ജെ.ആർ. ദിവ്യ ആൻഡ് ദി ബാന്റിന്റെ പരിപാടി അരങ്ങേറും.
15നു വൈകിട്ടു തിരുവനന്തപുരം മ്യൂസിക് ഫ്രറ്റേർണിറ്റി പരിപാടി അവതരിപ്പിക്കും. ‘മറക്കില്ലൊരിക്കലും’ എന്ന പേരിൽ മലയാള ചലച്ചിത്ര മേഖലയ്ക്ക് അനവധി കഥാപാത്രങ്ങൾ സമ്മാനിച്ച മുൻ നിര നടിമാരെ ആദരിക്കുകയും അവർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത പരിപാടിയാണ് ഇവർ അവതരിപ്പിക്കുന്നത്.
16നു വൈകിട്ട് പിന്നണി ഗായിക അനിത ഷെയ്ക്കിന്റെ സംഗീതവും, 17നു ദ്രാവിഡ ബാൻഡിലെ അതുല്യ കലാകാരന്മാരുടെ സംഗീതവും മാനവീയം വീഥിയെ ശ്രുതിമധുരമാക്കും. 18നു ഫങ്കസ് ബാൻഡും 19നു പ്രാർത്ഥന രതീഷ് നേതൃത്വം നൽകുന്ന മെഹ്ഫിൽ സന്ധ്യയും സൂര്യഗാഥയുടെ ഒ.എൻ.വി മെഡ്ലിയും ചലച്ചിത്രമേളയെ ജനപ്രിയമാക്കും.


