
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറി കെട്ടിടത്തിൽ വൻ തീപിടിത്തം. കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.
സംഭവം നടന്ന സമയം ഫാക്ടറിയിൽ എട്ടു തൊഴിലാളിയാണ് ഉണ്ടായിരുന്നത്. തീ ഉയരുന്നത് കണ്ട ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. 5 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ബ്ലീച്ചിങ് പൗഡര്‍, ടോയ്‌ലറ്റ് ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയുടെ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീ പടര്‍ന്നത്. നിര്‍മാണസാമഗ്രികള്‍ക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകള്‍ ഉള്‍പ്പെടെ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് വിവരം. ഫൈബര്‍ ഷീറ്റിട്ട മേല്‍ക്കൂര മുഴുവനും കത്തിനശിച്ചു. ഏറെ നേരം പരിശ്രമപ്പെട്ടാണ് തീ അണച്ചത്.


