
ഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. ഇന്നലെ രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. 92 വയസായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെ മൻമോഹൻ സിംഗിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
രണ്ട് തവണയാണ് മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. 1991-1996 കാലഘട്ടത്തിലായിരുന്നു സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി എത്തുന്നത്. ധനകാര്യ മന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.


