ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി. 29 റൺസിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 42.2 ഓവറിൽ 229 റൺസ് മാത്രമാണ് എടുക്കാനായത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ ഓപ്പണർമാർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സാർഥക് രഞ്ജൻ 26ഉം സനത് സാംഗ്വാൻ 18ഉം റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയ ഹിമ്മത് സിങ്ങും 10 റൺസെടുത്ത് പുറത്തായി.
മധ്യനിരയിൽ ക്യാപ്റ്റൻ ആയുഷ് ബദോനിയും അനൂജ് റാവത്തും സുമിത് മാഥൂറും കാഴ്ചവച്ച മികച്ച ഇന്നിങ്സുകളാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആയുഷ് ബദോനി 56 റൺസെടുത്തു. അനൂജ് റാവത്ത് 66 പന്തുകളിൽ 58 റൺസും സുമിത് മാഥൂർ 50 പന്തുകളിൽ 48ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ബേസിൽ തമ്പിയും ജലജ് സക്സേനയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ജലജ് സക്സേനയും ഷോൺ റോജറും അക്കൌണ്ട് തുറക്കാതെ മടങ്ങി. ഒരറ്റത്ത് ഉറച്ച് നിന്ന രോഹൻ കുന്നുമ്മൽ 39 പന്തുകളിൽ നിന്ന് 42 റൺസെടുത്തു. എന്നാൽ രോഹനും അഹ്മദ് ഇമ്രാനും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കേരളം.
തുടർന്നെത്തിയ അബ്ദുൾ ബാസിദിൻ്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. ആദിത്യ സർവാടെയ്ക്കൊപ്പം 50 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ അബ്ദുൾ ബാസിദ് സൽമാൻ നിസാറിനൊപ്പം 100 റൺസും കൂട്ടിച്ചേർത്തു.
എന്നാൽ സ്കോർ 228ൽ നില്‍ക്കെ സൽമാൻ നിസാർ പുറത്തായത് തിരിച്ചടിയായി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഷറഫുദ്ദീനും അബ്ദുൾ ബാസിദും കൂടി മടങ്ങിയതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾ അവസാനിച്ചു. അബ്ദുൾ ബാസിദ് 90 പന്തുകളിൽ നിന്ന് 90 റൺസെടുത്തു. സൽമാൻ നിസാർ 38ഉം ആദിത്യ സർവാടെ 26ഉം റൺസെടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാൻ ശർമ്മ മൂന്നും പ്രിൻസ് യാദവ്, ഹൃദിക് ഷൌക്കീൻ, സുമിത് മാഥൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.