പോത്തൻകോട് : കാഴ്ചയുടെ വസന്തം തീർക്കുന്ന ശാന്തിഗിരി ഫെസ്റ്റിൽ പുതുവർഷത്തെ വരവേൽക്കാനുളള മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. ബൈപ്പാസ് റോഡിൽ പ്രവേശനകവാടം മുതൽ വ്യത്യസ്തമായ വൈദ്യുത ദീപാലാങ്കരങ്ങൾ നിറഞ്ഞുകഴിഞ്ഞു. പതിവ് മേളശൈലിയിൽ നിന്നും മാറി പുതുതലമുറയ്ക്കുകൂടി ഹൃദ്യമാകുന്ന രീതിയിലാണ് ഓരോ ഇൻസ്റ്റലേഷനും.
ഡിസംബർ 31 ചൊവ്വാഴ്ച രാത്രി 9 മണിക്ക് പ്രശസ്ത നാടൻ പാട്ടുകലാകാരി പ്രസീത ചാലക്കുടിയുടെ നാടൻ പാട്ട് ബാൻഡോടെ പുതുവത്സര ആഘോഷപരിപാടികൾ ആരംഭിക്കും. രാത്രി 11.50 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പുതുവത്സരസന്ദേശം നൽകും. തുടർന്ന് വാദ്യമേളഘോഷങ്ങൾക്കൊപ്പം ആകാശത്ത് വർണ്ണവിസ്മയം തീർത്താകും ഫെസ്റ്റ് നഗരി പുതുവർഷത്തെ വരവേൽക്കുക. ഫെസ്റ്റ് നഗരിയുടെ ഹൃദയഭാഗത്തെ വിശാലമായ ജലസംഭരണിയും വാട്ടർ ഫൌണ്ടെയ്‌നും പാറയിലെ പ്രകാശവിന്യാസവും വേറിട്ട കാഴ്ചയൊരുക്കും.
ഡിസംബർ 20 ന് തുടക്കമായ മെഗാഫ്‌ലവർഷോയിൽ ഇതിനകം സന്ദർശകരുടെ വൻതിരക്കാണ്. മഞ്ഞിൻ താഴ്വരയും അരയന്നങ്ങളുടെ വീടും പക്ഷിസങ്കേതവുമൊക്കെ കാണികളുടെ മനം കവരുന്ന കാഴ്ചാനുഭവങ്ങളായി മാറിക്കഴിഞ്ഞു. രാജ്യത്തെ വിവിധ വെജിറ്റേറിയൻ രുചികൾ നിറയുന്ന ഭക്ഷ്യമേളയാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷണം.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 30,31, ജനുവരി 1 തീയതികളിൽ ഫുഡ് കോർട്ടിൽ നൂറിലധികം വിഭവങ്ങളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്. ആഹാരത്തിനൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ പാഠങ്ങളും ഫെസ്റ്റ് നഗരിയിലെ നവആരോഗ്യധർമ്മകേന്ദ്രം സന്ദർശകർക്ക് പ്രദാനം ചെയ്യുന്നു.
കുടുബസമേതമെത്തി സന്തോഷിക്കാനും ആസ്വദിക്കാനുമുളള സുരക്ഷിത ഇടമായി ശാന്തിഗിരി ഫെസ്റ്റ് മാറുകയാണ്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് സുരക്ഷസംവിധാനങ്ങൾ കർശനമാക്കുമെന്നും ഓരോ പോയിന്റിലും പ്രദർശനവിപണന സ്റ്റാളുകളിലും പ്രത്യേകം വോളണ്ടിയേഴ്‌സിനെ ചുമതലപ്പെടുത്തുമെന്നും ഫെസ്റ്റ് കോർഡിനേഷൻ ഓഫീസിൽ നിന്നും അധികൃതർ അറിയിച്ചു.