
തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനം പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. എഴുത്ത് മനുഷ്യജീവിതത്തെ പുരോഗമനത്തിലേക്കും വിമോചനത്തിലേക്കും നയിക്കുന്ന ശക്തിയാണെന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു. നാം പുസ്തകങ്ങളിലൂടെ അനേകം മനുഷ്യരുടെ ജീവിതങ്ങളെ തൊട്ടറിയുന്നു.
ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്ന സമയത്ത് നിങ്ങൾ ഒരു പുസ്തകം കയ്യിൽ എടുത്താൽ അത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കവിയരങ്ങ് പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. എല്ലാവരെയും തുറന്ന മനസ്സോടെ സ്നേഹിക്കാനും അപരനെ ഉൾക്കൊള്ളാനും കഴിയുന്ന മനസ്സാണ് നമുക്ക് ഉണ്ടാകേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആടുജീവിതത്തിന്റെ രചനാനുഭവത്തെപ്പറ്റി ബെന്യാമിനും കണ്ണട എന്ന കവിതയുടെ രചനാനുഭവത്തെപ്പറ്റി മുരുകൻ കാട്ടാക്കടയും വിദ്യാർത്ഥികളുമായി സംവദിച്ചു. കവിയരങ്ങിൽ വിനോദ് വെള്ളായണി, സിന്ധു വാസുദേവൻ, ഡോ.ലെനിൻ ലാൽ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ.നിഷ റാണി അധ്യക്ഷയായ ചടങ്ങിൽ ഡോ. ലീജിയോ മെറിൽ സ്വാഗതവും ഡോ.ഡി.അനിൽകുമാർ നന്ദിയും പറഞ്ഞു.


