
ഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പിന്തള്ളി ബി ജെ പി. നീണ്ട 27 വർഷത്തിന് ശേഷം ബി ജെ പി ഡൽഹിയിൽ അധികാരത്തിലേറാൻ പോകുന്നു. 70 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 49 സീറ്റും ബി ജെ പി പിടിച്ചെടുത്തു. ഭരണ പാർട്ടിയായ എഎപിക്ക് 21 സീറ്റ് മാത്രമാണ് ലഭിച്ചത്. തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസിന് സീറ്റ് ലഭിച്ചില്ല.
അധികാരം നഷ്ടപ്പെട്ടതിനോടൊപ്പം ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഡൽഹി മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അതെ സമയം പാർട്ടിക്ക് ആകെ ആശ്വാസമായത് അതിഷിയാണ്. ബിജെപിയുടെ രമേഷ് ബിദുഡിയെ തോൽപ്പിച്ച് കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷിക്ക് 989 വോട്ടുകൾക്ക് അപ്രതീക്ഷിത വിജയം ലഭിച്ചു.
ഡൽഹിയുടെ ഹൃദയത്തിലാണ് മോദിയെന്നും കള്ളത്തിന്റെയും ചതിയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകർത്ത് ഡൽഹി ആം ആദ്മി പാർട്ടി മുക്തമാക്കാൻ ഡൽഹി ജനങ്ങൾ പരിശ്രമിച്ചുവെന്നും അമിത് ഷാ പറഞ്ഞു. ബി ജെ പിയുടെ വിജയത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് എഴ് മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.


