spot_imgspot_img

സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Date:

spot_img

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്‌കാരം 2024 ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി. ദേവി, കായിക രംഗത്ത് ആലപ്പുഴ ചേർത്തല വാരനാട് തെക്കേവെളിയിൽ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ വയനാട് മുട്ടിൽ നോർത്ത് തേനാട്ടി കല്ലിങ്ങൽ ഷെറിൻ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ വയനാട് മാടക്കര കേദാരം വിനയ എ.എൻ., വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി തിരുവനന്തപുരം ജഗതി സി.എസ്. റോഡ്, സീമെക്സ് സെന്റർ ഡോ. നന്ദിനി കെ. കുമാർ, കലാ രംഗത്ത് ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പി.കെ. മേദിനി എന്നിവരെ തെരഞ്ഞെടുത്തു. മാർച്ച് 8ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി വീണാ ജോർജ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

ടി ദേവി

രാഷ്ട്രീയ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായ ടി. ദേവി 1996ൽ വനിതാ കമ്മീഷൻ അംഗമായി. വ്യവസായ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ടി. ദേവി നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് കേരള സോപ്പ് ആന്റ് ഇൻഡസ്ട്രീസ് ഫെഡറേഷൻ ഉണ്ടാകുന്നത്. വയനാട്ടിലെ ആദിവാസി സ്ത്രീകൾക്കിടയിലെ അവിവാഹിതരായ അമ്മമാരുടെ പ്രശ്നം സമൂഹ ശ്രദ്ധയിലേക്ക് വരുന്നത് ടി. ദേവിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിലൂടെയാണ്. വനിതാ കമ്മീഷൻ അംഗമായിരിക്കെ സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്ന നിരവധി പദ്ധതികൾക്കും ചുക്കാൻ പിടിച്ചു. ടി. ദേവിയുടെ സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.

കെ. വാസന്തി

75 വയസുള്ള കെ. വാസന്തി ഈ പ്രായത്തിലും യുവത്വത്തിന്റെ പ്രതീകമായി ട്രാക്കിൽ മുന്നേറുന്ന വനിതയാണ്. മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ സ്വർണ്ണം, വെങ്കലം എന്നിവയും ബാംഗ്ലൂരിൽ നടന്ന 14-ാമത് ഏഷ്യ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാംമ്പൻഷിപ്പിൽ 5000 മീറ്ററിൽ ഒന്നാം സ്ഥാനം, 10000 മീറ്ററിൽ ഒന്നാം സ്ഥാനം, 1500 മീറ്ററിൽ രണ്ടാം സ്ഥാനം, ചെന്നൈയിൽ വെച്ചുനടന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ്‌ ഫെഡറേഷൻ ഓഫ് ഇൻഡ്യ സംഘടിപ്പിച്ച ദേശീയ മീറ്റിൽ മത്സരിച്ച എല്ലാ ഇനങ്ങളിലും വാസന്തി ഒന്നാം സ്ഥാനവും, ഹാഫ് മാരത്തൺ 10000, 5000, 1500 മീറ്റർ എന്നീ ഇനങ്ങളിൽ സ്വർണ്ണം, വെള്ളി, പാരീസിൽ വെച്ചു നടന്ന ലോകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള യോഗ്യത തുടങ്ങിയ നിരവധി വിജയഗാഥകൾ.

ഷെറിൻ ഷഹാന

2017ൽ ആകസ്മികമായുണ്ടായ ഒരു അപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഷെറിൻ ഷഹാന. വീട്ടിലെ സാമ്പത്തിക പരാധീനതകൾ കാരണം പഠിക്കുന്ന കാലത്ത് തന്നെ വിവാഹിതയാകേണ്ടി വരികയും പ്രതിസന്ധി ഘട്ടത്തിൽ ഭർത്താവ് ഉപേക്ഷിച്ച് പോകുകയും ചെയ്തു. തന്റെ 22-ാം വയസിൽ ജീവിത സ്വപ്നങ്ങൾ അവസാനിച്ചു എന്ന് കരുതിയ പെൺകുട്ടി ഉമ്മയുടെയും സുമനസുകളുടെയും സഹായത്താൽ ഇതിനെയെല്ലാം അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിൻ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും സിവിൽ സർവീസും നേടുന്നതിലേക്ക് എത്തിച്ചത്. നിലവിൽ ഇന്ത്യൻ റെയിൽവേസ് മാനേജ്മെന്റ് സർവീസ് (IRMS) അക്കൗണ്ട്സിൽ പ്രൊബേഷണറിയാണ്.

വിനയ എൻ.എ.

33 വർഷം കേരള പോലീസ് സേനയിൽ സേവനമനുഷ്ഠിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തെ തിരിച്ചറിയുകയും അവയെ മാറ്റി ലിംഗസമത്വം നിലനിർത്തുന്നതിനും ലിംഗനീതി നടപ്പിലാക്കുന്നതിനും വേണ്ടി കഴിഞ്ഞ നാൽപ്പത് വർഷമായി കേരളത്തിൽ വ്യക്തി ജീവിതത്തിലും പൊതുസമൂഹത്തിലും സജീവമായി ഇടപ്പെട്ട് ധാരളം പ്രവർത്തനങ്ങൾ നടത്തിവരുന്നു. 33 വർഷം കേരള പോലീസിൽ സേവനമനുഷ്ഠിച്ച, വിനയ വഹിച്ചിരുന്ന എല്ലാ തസ്തികകളിലും ലിംഗനീതി ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. പോലീസ് സേനയിൽ യൂണിഫോം ഏകീകരികരണം, ഒരുമിച്ചുള്ള പരിശീലനം, സ്ത്രീകൾക്ക് വാഹനങ്ങളിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിന് അവസരമുണ്ടാക്കുക തുടങ്ങിയവ നടപ്പിലാക്കാൻ പരിശ്രമിച്ചു.

ഡോ. നന്ദിനി കെ കുമാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ക്ലിനിക്കൽ പാത്തോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ആസ്ഥാനത്ത് മുതിർന്ന ഗവേഷകയായി ചേർന്ന ഡോ. നന്ദിനി പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിനും ബയോ എത്തിക്‌സിനുമുള്ള പ്രോഗ്രാം ഓഫീസറായി. നിരവധി ഐസിഎംആർ ദേശീയ, അന്തർദേശീയ വർക്കിംഗ് ഗ്രൂപ്പുകളിൽ അംഗമായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സീനിയർ ഗ്രേഡ് ആയി വിരമിച്ച ഡോ. നന്ദിനി കെ കുമാർ, പരമ്പരാഗത വൈദ്യശാസ്ത്ര ഗവേഷണത്തിലും ബയോ എത്തിക്സ് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ കമ്മീഷൻ ഫോർ ദി സ്റ്റഡി ഓഫ് എത്തിക്കൽ ഇഷ്യു (അന്താരാഷ്ട്ര പാനൽ) അംഗവും, ദേശീയവും അന്തർദേശീയവുമായ നിരവധി കമ്മിറ്റികളിൽ അംഗവുമായിരുന്നു.

പി.കെ.മേദിനി

സ്വാതന്ത്ര്യ സമര സേനാനി, വിപ്ലവ ഗായിക, സംഗീതജ്ഞ, സ്റ്റേജ് ആർട്ടിസ്റ്റ്, ചരിത്രപരമായ പുന്നപ്ര-വയലാർ പ്രക്ഷോഭത്തിലെ പങ്കാളി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയാണ് പി.കെ. മേദിനി. 1940-കളിൽ രാഷ്ട്രീയ യോഗങ്ങളിൽ പാടാൻ തുടങ്ങി. കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളിൽ ‘സന്ദേശം’ എന്ന നാടകം അവതരിപ്പിച്ചു. പി.ജെ ആന്റണിയുടെ കൂടെ ‘ഇങ്ക്വിലാബിന്റെ മക്കൾ’ എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച് പാടി അഭിനയിച്ച ”കത്തുന്ന വേനലിലൂടെ….” എന്ന ഗാനത്തിലുടെ എൺപതാം വയസിൽ ഒരു ചലച്ചിത്രത്തിൽ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീ നിലകളിൽ പ്രവർത്തിച്ച ആദ്യ വനിതയായി പി.കെ. മേദിനി മാറി.

 

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയയെ 179 റൺസിന് തകർത്ത് കേരളം

പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ മേഘാലയക്കെതിരെ തകർപ്പൻ...

കണ്ണിൻ്റെ രക്തസമ്മർദ്ദം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ്

തിരുവനന്തപുരം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (10/ 3/ 2025)...

പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ച ‘ഏറു-പട-ക്കം’

കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി; തിരുവനന്തപുരം സ്വദേശിയെ കഴകത്തിൽ നിന്ന് നീക്കി

തൃശ്ശൂർ: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. കേരള...
Telegram
WhatsApp