
തിരുവനന്തപുരം: മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ. മൂന്ന് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നടപടി.
അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ് കെ.സി.എയുടെ വിലയിരുത്തൽ. എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്.







