
തിരുവനന്തപുര: 75 വർഷം മുൻപത്തെ ചിന്തയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. 1940കളിലാണ് ആദ്യമായി വിഴിഞ്ഞത്ത് ഒരു തുറമുഖം വേണമെന്ന ചിന്ത ഉണർന്നത്. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിവാണ് തിരുവിതാംകൂറിന്റെ തീരത്ത് തുറമുഖം വേണമെന്ന ചിന്ത ഉണ്ടാകുന്നത്. 1945 കാലഘട്ടത്തിലായിരുന്നു അത്. അന്നൊക്കെ കൊച്ചി തുറമുഖം വഴിയായിരുന്നു കയറ്റുമതി നടത്തിയിരുന്നത്. എന്നാൽ കൊച്ചി തുറമുഖം വഴി ഉത്പന്നങ്ങള്‍ കയറ്റുമതി നടത്തുന്നതിന് ചെലവേറിയപ്പോഴാണ് തിരുവിതാംകൂര്‍ തീരത്ത് എവിടെയെങ്കിലും ഒരു തുറമുഖം എന്ന ആശയം ചര്‍ച്ച ചെയ്തത്.
ഇതിന്റെ അടിസ്ഥാനത്തിൽ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ച നടത്തി. അവിടെനിന്നുവന്ന ഒരു വിദഗ്ധന്‍ തീരം മുഴുവന്‍ പരിശോധിച്ചു. കുളച്ചല്‍, വിഴിഞ്ഞം, കൊല്ലം, കായംകുളം, മുനമ്പം എന്നിവിടങ്ങളില്‍ പരിശോധിച്ചശേഷം വിഴിഞ്ഞമാണ് തുറമുഖത്തിന് അനുയോജ്യമെന്ന് വിലയിരുത്തി. തുടര്‍ന്ന് വിഴിഞ്ഞം ഹാര്‍ബര്‍ സെക്ഷനു രൂപംനല്‍കി. വിഴിഞ്ഞത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് തിരുകൊച്ചി ലയനമുണ്ടാകുന്നതും പദ്ധതി മെല്ലെ വിസ്മൃതിയിലാകുന്നതും. പിന്നീടുവന്ന സര്‍ക്കാരുകള്‍ പലതവണ ഇതിനുവേണ്ടി ശ്രമിച്ചെങ്കിലും ഓരോരോ പ്രതിബന്ധങ്ങളില്‍ത്തട്ടി പദ്ധതി ഒരു വിദൂരസ്വപ്നമായി അവശേഷിച്ചു.
അതിനു ശേഷം 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് വിഴിഞ്ഞത്ത് തുറമുഖം വികസിപ്പിക്കുന്നതിനായി അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണുമായി കരാര്‍ ഒപ്പുവെച്ചത്. പിന്നീട് വന്ന സര്‍ക്കാര്‍ തുറമുഖ നിര്‍മ്മാണത്തിന് മികച്ച പിന്തുണയാണ് നല്‍കിയത്. ആയിരം ദിവസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓഖിയും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികള്‍ പദ്ധതിയെ വൈകിച്ചു.
7700 കോടി മുടക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ ഒന്നാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത് പത്തുലക്ഷം കണ്ടെയ്‌നര്‍ ശേഷിയാണ്. ഇതു വിപണിയുടെ ചെറിയൊരു അംശംപോലും ആവില്ല. ഇതു തിരിച്ചറിഞ്ഞാണ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം വികസനത്തിന് നടത്തിപ്പുചുമതലയുള്ള അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസഡ്.) ഒരുക്കങ്ങള്‍ തുടങ്ങുന്നത്. ഗുജറാത്തിലെ മുന്ദ്ര ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കുന്ന അദാനി എ.പി.എസ്.ഇ.എസഡിന്റെ അനുഭവസമ്പത്ത് വിഴിഞ്ഞത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്.


