
തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ഗർഭിണികളുടെ ഫാഷൻ ഷോ വ്യത്യസ്ത അനുഭവമായി. മാതൃദിനത്തോടനുബന്ധിച്ചാണ് അമ്മയാകാനൊരുങ്ങുന്ന സുന്ദരിമാർ തിരുവനന്തപുരം ലുലുമാളിലെ ഫാഷൻ റാംപിൽ ചുവടുവച്ചത്. കിംസ് ഹെൽത്തും തിരുവനന്തപുരം ലുലുമാളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഫാഷൻ ഷോയിൽ വിവിധ പ്രായത്തിലുള്ള 13 ഗർഭിണികൾ റാംപിലൂടെ ചുവടുവെച്ചു. മാതൃത്വത്തിന്റെ മഹത്വം ആഘോഷിക്കുന്നതിനും ഗർഭാവസ്ഥയിലും സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുമെന്ന സന്ദേശം പകരുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. “മോംസൂൺ” എന്ന പേരിലുള്ള ഗർഭിണികളുടെ ഫാഷൻ ഷോ രണ്ടാം തവണയാണ് സംഘടിപ്പിക്കുന്നത്.
ട്രെഡിഷണൽ, വെസ്റ്റേൺ വിഭാഗങ്ങളിലായി സംഘടിപ്പിച്ച ഫാഷൻ ഷോ മത്സരത്തിൽ ഐശ്വര്യ ബി എസ് വിജയിയായി. നേഹ അശോക് ഫസ്റ്റ് റണ്ണറപ്പായും, ശിവാനി ജിൻഡാൽ IAS സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
പരിപാടിയുടെ ഭാഗമായി അമ്മമാരും കുട്ടികളും അണിനിരന്ന ഫാഷൻ ഷോയും നടന്നു. കിംസ് ഹെൽത്തിലെ ഗൈനക്കോളജി വിഭാഗം കൺസൽട്ടന്റ് ഡോ. സിമി ഹാരിസും മകൾ സൈറ ഹാരിസും ഒരുമിച്ച് റാംപിൽ ചുവടുവെച്ചു.
കിംസ് ഹെൽത്തിലെ ഹൈ റിസ്ക് പ്രെഗ്നൻസി ആന്റ് ഫീറ്റൽ മെഡിസിൻ സീനിയർ കൺസൽട്ടന്റ് ഡോ. ആർ വിദ്യാലക്ഷ്‌മി, ലുലുമാൾ ഓപ്പറേഷൻസ് മാനേജർ നിധിൻ സുധീഷ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.


