
പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ രണ്ട് വയസുകാരൻ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ലിജോ – ലീന ദമ്പതികളുടെ മകനായ ജോർജ് സക്കറിയയാണ് മരിച്ചത്. വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്.
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് അപകടം നടന്നതെന്നാണ് നിഗമനം. മകനെ കാണാതായതോടെ വീട്ടുകാർ പുറത്തെത്തി നോക്കിയപ്പോഴാണ് രണ്ടുവയസ്സുകാരൻ വീടിനോട് ചേർന്നുണ്ടായിരുന്ന സ്വിമ്മിങ്പൂളിൽ മരിച്ച് കിടക്കുന്നത് കണ്ടത്. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കുഞ്ഞിന്‍റെ മാമ്മോദീസ നടത്തിയത്.
നാട്ടിൽ പുതിയതായി ഉണ്ടാക്കിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും രണ്ട് വയസുകാരൻ മകന്‍റെ മാമോദിസയ്ക്കും വേണ്ടിയാണ് അയർലൻഡിലായിരുന്ന കുടുംബം വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഈ മാസം 19 ന് തിരികെ പോകാൻ ഇരിക്കുകയായിരിക്കുന്നു.


