
സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു.
ഷൈന്‍ ടോം ചാക്കോയുടെ കൈയ്ക്ക് പരിക്കേറ്റു. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് അടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം നടന്നത്.
ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ബെംഗളൂരുവിലേക്ക് ഷെെനിന്‍റെ ചികിത്സാർത്ഥമായിരുന്നു കുടുംബത്തിന്‍റെ യാത്ര. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ വന്ന ലോറി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല.







