
തിരുവനന്തപുരം: കഠിനംകുളത്ത് വള്ളം മറിഞ്ഞ് അപകടം. മത്സ്യ ബന്ധനത്തിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈ വിളാകത്ത് രാഖി ഭവനിൽ രാഹുൽ രാജ് (34) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11:30യ്ക്കാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനത്തിന് പോകുന്നതിനിടെ കഠിനംകുളം പുതുക്കുറുച്ചി ചർച്ചിന് സമീപമാണ് സംഭവം നടന്നത്.
വള്ളം തിരമാല മറികടക്കുന്നതിനിടെ രാഹൂൽ കടലിലേക്ക് വീഴുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് രാഹുലിന് ഗുരുതരമായി പരിക്കേറ്റു. രാഹുലിനൊപ്പം രണ്ടുപേർ കൂടി വള്ളത്തിൽ ഉണ്ടായിരുന്നു.
വള്ളത്തിലുണ്ടായിരുന്നവരും മറ്റ് മത്സ്യതൊഴിലാളികളും ചേർന്ന് രാഹുലിനെ ഉടൻ തന്നെ കരക്കെത്തിച്ചു. അതിനു ശേഷം ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. അജിതയാണ് മരിച്ച രാഹുലിൻ്റെ ഭാര്യ. അഫൻസിയോ ഏക മകനാണ്.







