
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാലോട് രവി രാജി വച്ചു. എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കായിമാറുമെന്നുമുള്ള ഫോണ്‍ സംഭാഷണം വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. പ്രാദേശിക നേതാവുമായി നടത്തി ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
സംഭവത്തിൽ പാലോട് രവിയോട് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. രാജി പ്രഖ്യാപനത്തിന് പിന്നാലെ പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് അറിയിച്ചു. തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ പകരം ചുമതല ആർക്കും നൽകിയിട്ടില്ല. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.







