spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞിരുന്ന നിരാലംബരായ 21 പേർക്ക് തണലൊരുക്കി സാമൂഹ്യനീതി വകുപ്പും മന്ത്രി ആർ.ബിന്ദുവും

Date:

തിരുവനന്തപുരം: മാസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപേക്ഷിക്കപ്പെട്ട നിരാലംബരും നിരാശ്രയരുമായ 21 പേരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സംരക്ഷണ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ വയോരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ കോളേജിൽ നിന്നും കിടപ്പു രോഗികളായ 17 പുരുഷന്മാരും 4 സ്ത്രീകളുമുൾപ്പെടുന്ന 21 പേരെ മന്ത്രി നേരിട്ടെത്തി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിരവധി ആംബുലൻസുകളിലായി പത്തനാപുരം ഗാന്ധിഭവനിലേയ്ക്ക് മാറ്റിയത്. ഇവരിൽ ഭൂരിഭാഗവും തീർത്തും കിടപ്പുരോഗികളാണ്. ബന്ധുക്കളെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ലാത്തവരും അന്യസംസ്ഥാനക്കാരും ഉൾപ്പെടെയുള്ള ഇവരിൽ പലർക്കും സ്വന്തം പേരോ നാടോ പോലും ഓർമ്മയില്ലാത്ത അവസ്ഥയാണ്.

ഉറ്റവർ പോലും തിരിഞ്ഞു നോക്കാതിരുന്ന തങ്ങൾക്ക് തല ചായ്ക്കാൻ ഇടവും കഴിക്കാൻ അന്നവും ഉടുക്കാൻ വസ്ത്രവും നൽകി പരിചരിച്ച മെഡിക്കൽ കോളേജ് ജീവനക്കാരോടുള്ള രോഗികൾ യാത്ര പറയൽ ചുറ്റും കൂടി നിന്നവരുടെ കണ്ണുകളെ ഈറൻ അണിയിച്ചു. ഇത്രയും നാൾ രോഗികളെ പരിചരിച്ച ആശുപത്രിയെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.

സംരക്ഷിക്കാൻ ആളില്ലാത്തതും, കിടപ്പ് രോഗികളുമായ വയോജനങ്ങളെ സ്ഥാപനങ്ങളിലേക്ക് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സമാന മേഖലയിൽ പ്രവൃത്തിപരിചയമുള്ള സന്നദ്ധ സംഘടനകളുമായി ചേർന്ന് ‘വയോസാന്ത്വനം’ പദ്ധതി നടപ്പിലാക്കാൻ പദ്ധതിയൊരുക്കിയിട്ടുണ്ട്. ഇത് പ്രകാരം തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലൊന്നായ ഗാന്ധിഭവനിലൂടെ പുനരധിവസിപ്പിച്ചവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

അസുഖങ്ങൾ ഭേദമായ ശേഷവും വീട്ടിലേക്ക് മടങ്ങിപ്പോകാനാവാത്ത ഒട്ടേറെപേർ ആശുപത്രികളിൽ വർധിച്ചുവരുമ്പോൾ അത് പ്രയാസകരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് അത്തരം രോഗികളുടെ സമ്പൂർണമായ പുനരധിവാസം ഏറ്റെടുക്കാൻ സാമൂഹ്യനീതി വകുപ്പ് തീരുമാനമെടുത്തത്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ വയോജനങ്ങളെയും രോഗങ്ങൾ ഭേദമായവരെയും ഓർഫനേജ് കൺട്രോൾ ബോർഡിന് (ഒ.സി.ബി) കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയുണ്ടായി. ആ അവസരത്തിലും ഏറ്റവുമധികം ആളുകളെ ഏറ്റെടുത്തത് പത്തനാപുരത്തെ ഗാന്ധിഭവനാണ്.

ആരും ഒറ്റക്കല്ല എന്ന ഏറ്റവും മനുഷ്യസ്‌നേഹനിർഭരമായ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്നും ‘തനിച്ചല്ല നിങ്ങൾ, ഒപ്പമുണ്ട് ഞങ്ങൾ’ എന്നതാണ് സാമൂഹ്യനീതി വകുപ്പിന്റെ മുദ്രാവാക്യം എന്നും മന്ത്രി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ ഇവർക്കാവശ്യമായ മികച്ച പരിചരണവും, ചികിത്സയും നൽകുമെന്നും ഇവർക്കായി പ്രത്യേക വാർഡും മെഡിക്കൽ ടീമും സജ്ജമാണെന്നും ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു.

മന്ത്രി ആർ.ബിന്ദുവിന്റേയും തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസർ രംഗരാജൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുനിൽ കുമാർ, ആർ.എം.ഒ ഡോ. കെ.പി. ജയപ്രകാശ്, നഴ്‌സിംഗ് ഓഫീസർ ഷാനിഫ, മെഡിക്കൽ കോളേജ് മീഡിയ കോഡിനേറ്റർ സജീവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവൻ ചെയർപേഴ്സൺ ഡോ. ഷാഹിദ കമാൽ, മാനേജിങ് ഡയറക്ടർ ബി. ശശികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, എച്ച്.ആർ. മാനേജർ ആകാശ് അജയ് എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധിഭവൻ മെഡിക്കൽ സംഘമെത്തിയാണ് രോഗികളെ ഏറ്റെടുത്തത്. 2023 ഓഗസ്റ്റിലും, 2024 സെപ്തംബറിലും, 2025 ഏപ്രിലിലുമായി എഴുപതോളം പേരെ ഗാന്ധിഭവനിലേയ്ക്ക് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp