
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുകയാണ്. തലസ്ഥാനത്ത് ഇന്നലെ ആരംഭിച്ച മഴ ഇന്നും നിർത്താതെ പെയ്യുകയാണ്. തലസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നു.
തിരുവനന്തപുരത്ത് ഇന്ന് യെൽലോ അലേർട്ടാണ്. മലയോര മേഖലകളിൽ അപകടകരമായ സാഹചര്യമാണുള്ളത്. വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് മുതൽ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായിട്ടാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.
ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. എന്നാൽ അവധി പ്രഖ്യാപിക്കാൻ വൈകിയത് പല വിദ്യാർഥികളെയും രക്ഷിതാക്കളെയും വലച്ചു. അതിരാവിലെ സ്കൂളിലെത്തിയ കുട്ടികളെല്ലാം മടങ്ങിപ്പോയി. പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം ഉണ്ടായത്.







