
തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് ജോയി എം.എൽ.എ അഭിപ്രായപ്പെട്ടു. ആശുപത്രിയിൽ വിവിധ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വ്യാഴാഴ്ചകളിലും നടത്തുന്ന സ്ത്രീ രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സ, എല്ലാ വെള്ളിയാഴ്ചകളിലും ലഭിക്കുന്ന വന്ധ്യതയ്ക്കുള്ള ആയുർവേദ ചികിത്സ, തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ലഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിന്റെ സേവനം, യോഗയുടേയും കോസ്മറ്റോളജി ക്ലിനിക്കിൻ്റേയും സേവനം തുടങ്ങിയവ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണെന്നും കൂടുതൽ ജനങ്ങളിലേക്ക് ഇത്തരം സ്പെഷ്യാലിറ്റികൾ ഇവിടെ ലഭ്യമാണെന്നുള്ള പ്രചരണം എത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി, ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷർമദ് ഖാൻ, ചാർജ് നഴ്സ് വിദ്യ എന്നിവർ പ്രസംഗിച്ചു. നൂറ് രൂപ മാത്രം ഈടാക്കിയാണ് നിലവിൽ ഫിസിയോതെറാപ്പി ഈ ആശുപത്രിയിൽ സർവീസ് നൽകുന്നത്.







