
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഏഴ് പേർ പിടിയിൽ. നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29 ), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാര്‍ത്ഥി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്.
പിടിയിലായ വിഗ്നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറും ഹലീന ബിഡിഎസ് വിദ്യാര്‍ത്ഥിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്. ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു.







