തിരുവനന്തപുരത്ത് 200-ല്‍ അധികം അനധികൃത സ്പാകള്‍.? നടപടി ഉറപ്പെന്ന് മേയര്‍; യുവതി പരാതി നല്‍കിയ ‘സ്പര്‍ശന്‍’ സ്പാ അടപ്പിച്ചു

0
571

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്പാകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മേയര്‍ വി.വി രാജേഷിന്റെ ഉറപ്പ്. സെക്രട്ടേറിയറ്റിനു സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന, ദുരനുഭവമുണ്ടായെന്ന് യുവതി പരാതി പറഞ്ഞ ‘സ്പര്‍ശന്‍’ സ്പാ അടപ്പിക്കുകയും ചെയ്തു. നടപടിയുണ്ടാകുമെന്ന് മേയര്‍ ഉറപ്പ് നല്‍കിയതിനു പിന്നാലെയാണ് സ്പാ കോര്‍പ്പറേഷന്‍ അധികൃതരെത്തി അടപ്പിച്ചത്. സെക്രട്ടേറിയറ്റിനു സമീപത്തായാണ് വിവാദ സ്പാ പ്രവര്‍ത്തിച്ചിരുന്നത്.

തിരുവനന്തപുരം നഗരത്തിലാകെ 200-ലധികം സ്പാ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. നഗരത്തിലെ സ്പാകളുടെ കൃത്യമായ കണക്കെടുക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പാ സെന്ററുകളില്‍ അംഗീകൃത മസാജറും ഡോക്ടറും വേണമെന്നാണ് നിബന്ധന. തട്ടിക്കൂട്ട് സ്പാകളുടെ മറവില്‍ ലഹരിക്കടത്ത്, ഹണിട്രാപ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നതായാണ് വിവരം. സ്പാകളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോകള്‍ ചിത്രീകരിക്കുന്ന സംഭവങ്ങളുമുണ്ട്. എന്നാല്‍, നാണക്കേടു കാരണം പലരും ഇത് പുറത്തുപറയാനോ പൊലീസില്‍ പരാതി നല്‍കാനോ തയ്യാറാകുന്നില്ലെന്നാണ് വിവരം.

ചില പൊലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കും അനധികൃത സ്പാ സെന്ററുകളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഡോക്ടര്‍മാരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന അനധികൃത മസാജിങ് കേന്ദ്രങ്ങള്‍ കണ്ടെത്തിയാല്‍ ഇത്തരം ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു. ചില സ്പാകളില്‍ സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കും പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കും മസാജ് ചെയ്യുന്ന ക്രോസ് മസാജിങ്ങും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ശ്രദ്ധയില്‍പൈട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചതായി മേയര്‍ അറിയിച്ചു.

സ്റ്റാച്യുവിലെ സ്പര്‍ശന്‍ സ്പായില്‍ ജോലി തേടിയെത്തിയ യുവതിക്കു നേരേ മോശം പെരുമാറ്റം ഉണ്ടായതായി മേയര്‍ തന്നെയാണ് ഞായറാഴ്ച രാവിലെ വാര്‍ത്താസമ്മേളനം നടത്തി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വൈകീട്ടോടെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും സ്പാ അടപ്പിക്കുകയുമായിരുന്നു. തിരുവല്ലയില്‍ സ്പാ ജീവനക്കാരിക്കു നേരേയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ സ്പാകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും സ്പാ ലൈസന്‍സിന്റെ മറവില്‍ ഒരുവിധത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താന്‍ അനുവദിക്കില്ലെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here