കയ്യില്‍ സ്‌റ്റെതസ്‌കോപ്പ്; ന്യൂറോ സര്‍ജനെന്ന് അവകാശവാദം; തിരുവനന്തപുരത്ത് യുവതി പിടിയില്‍

0
44

തിരുവനന്തപുരം: കയ്യില്‍ സ്റ്റെതസ്‌കോപ്പുമായി ഡോക്ടറാണെന്ന് അവകാശപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. ന്യൂറോ സര്‍ജന്‍ എന്ന വ്യാജേനയാണ് സൂപ്പര്‍ സ്പെഷ്യാല്‍റ്റി വാര്‍ഡില്‍ യുവതി എത്തിയത്. സംശയം തോന്നി സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പിടികൂടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് യുവതി സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെ ഡോക്ടര്‍ വേഷത്തില്‍ ആശുപത്രിയില്‍ എത്തിയത്.

സംശയം തോന്നിയ സുരക്ഷാ ജീവനക്കാര്‍ മറ്റു ഡോക്ടര്‍മാരെ വിവരമറിയിച്ചു. ഇങ്ങനെ ഒരു ഡോക്ടര്‍ ഇല്ലെന്ന് അവര്‍ പറഞ്ഞതോടെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. വേഷം മാറി പുറത്തിറങ്ങി ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.

ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് താനെന്നും പേരൂര്‍ക്കടയിലാണു താമസിക്കുന്നതെന്നുമാണ് യുവതി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കൊല്ലം സ്വദേശിയാണെന്നാണ് മനസ്സിലായിരിക്കുന്നത്. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് ശ്രീചിത്രയിലാണ് ജോലി ചെയ്യുന്നതെന്നു ഇവര്‍ പറഞ്ഞെങ്കിലും അങ്ങനെ ഒരാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here