
ബംഗളൂരു: അഡ് ക്ലബ് ബംഗളൂരു സംഘടിപ്പിച്ച പ്രശസ്തമായ ‘ബിഗ് ബാംഗ് അവാർഡ്‌സ് 2025’-ൽ മികച്ച നേട്ടവുമായി പരസ്യ ഏജൻസിയായ പ്ലെയിൻസ്‌പീക്ക്. വിവിധ വിഭാഗങ്ങളിലായി രണ്ട് സ്വർണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ ആകെ അഞ്ച് പുരസ്‌കാരങ്ങളാണ് ഏജൻസി കരസ്ഥമാക്കിയത്.
ക്രിയേറ്റീവ് പരസ്യരംഗത്തെ മികവിനുള്ള ഈ അംഗീകാരം പ്ലെയിൻസ്‌പീക്കിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലാണ്. എസ്.പി വെൽഫോർട്ടിനായി തയ്യാറാക്കിയ പ്രിന്റ് പരസ്യത്തിനും ഐക്ലൗഡ് ഹോംസിന്റെ ബ്രോഷർ ഡിസൈനിനുമാണ് ഏജൻസിക്ക് സ്വർണ്ണ മെഡലുകൾ ലഭിച്ചത്. പോളി ക്യാപിറ്റലിന്റെ ഡിജിറ്റൽ കാമ്പെയ്‌ൻ വെള്ളി മെഡലിന് അർഹമായി. കൂടാതെ സാരഥിയുടെ പ്രിന്റ് പരസ്യത്തിനും മിരായ സുന്ദരയുടെ ബ്രോഷറിനും വെങ്കല മെഡലുകളും ലഭിച്ചു.
സൃഷ്ടിപരമായ മികവിലും വേറിട്ട ആശയവിനിമയ രീതികളിലും പ്ലെയിൻസ്‌പീക്ക് പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനുള്ള അംഗീകാരമാണിതെന്ന് ഏജൻസി വക്താക്കൾ അറിയിച്ചു. തങ്ങളിൽ വിശ്വാസമർപ്പിച്ച ക്ലയന്റുകൾക്കും ഈ വിജയത്തിൽ പങ്കുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. പരസ്യകലയിലെ നൂതനമായ മാറ്റങ്ങളുമായി വരും വർഷങ്ങളിലും മുന്നോട്ട് പോകാനാണ് ഏജൻസിയുടെ തീരുമാനം.







