ഡല്‍ഹിയിലെത്തി നരേന്ദ്രമോദിയെ കണ്ട് കാന്തപുരം; മുസ്ലിം ന്യൂനപക്ഷങ്ങളടക്കം ചര്‍ച്ചാവിഷയം

0
166

ന്യൂഡല്‍ഹി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കാന്തപുരം ഉസ്താദ് കൈമാറി. കേരളത്തില്‍ നടത്തിയ യാത്രയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയെന്നും കാന്തപുരം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷനല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം അടക്കം ചര്‍ച്ചയായി. രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ അഭിനന്ദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here