

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന് യു.എസ് സുപ്രീംകോടതിയില്‍ കനത്ത തിരിച്ചടി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ക്ക് കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ നടപടി സുപ്രീംകോടതി റദ്ദാക്കി. തീരുവ നടപടി നിയമാനുസൃതമല്ലെന്നും പ്രസിഡണ്ട് അധികാര പരിധി ലംംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തീരുവ നടപടി റദ്ദാക്കിയത്. മൂന്നിനെതിരെ ആറു വോട്ടുകള്‍ക്കാണ് ചരിത്രപരമായ ഈ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. നികുതി ചുമത്താനുള്ള അധികാരം നിയമനിര്‍മ്മാണ സഭയ്ക്കാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് വ്യക്തമാക്കി.
നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് തീരുവ ചുമത്തിയതെന്ന് കോടതി കണ്ടെത്തി. ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 1977-ലെ നിയമം ദുരുപയോഗം ചെയ്യപ്പെട്ടെന്നും അതുകൊണ്ട് ഈ ഇറക്കുമതി തീരുവകള്‍ റദ്ദാക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണനിര്‍വ്വഹണ വിഭാഗം തങ്ങളുടെ അധികാരപരിധി മറികടന്നുവെന്നും കോടതി വിമര്‍ശിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ നികുതികള്‍ അത്യന്താപേക്ഷിതമാണെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍, ഈ വാദം തള്ളിക്കളഞ്ഞു കൊണ്ടാണ് കോടതി തീരുവകള്‍ റദ്ദാക്കിയത്. ഉയര്‍ന്ന ഇറക്കുമതിത്തീരുവ ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അങ്ങനെ ചുമത്തുന്നതിനുള്ള അടിയന്തര സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി. വ്യാപകമായ താരിഫ് ഏര്‍പ്പെടുത്തിയതിലൂടെ ട്രംപ് തന്റെ അധികാരപരിധി മറികടന്നെന്ന് സുപ്രീം കോടതി വിലയിരുത്തി.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങള്‍ക്കും ട്രംപ് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യയുമായി ഇടഞ്ഞ ട്രംപ് ഇന്ത്യക്കുമേല്‍ പകരച്ചുങ്കവും ഏര്‍പ്പെടുത്തി. ട്രംപിന്റെ നടപടിക്കെതിരേ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് യുഎസ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഇടപെടല്‍.










