രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; പിഴവ് സമ്മതിച്ച് കമ്മീഷന്‍; രാഷ്ട്രീയവിവാദം

0
51

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഔദ്യോഗിക കത്തില്‍ ബിജെപി സീല്‍ പതിഞ്ഞതില്‍ പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സാങ്കേതികമായ ക്ലെറിക്കല്‍ പിശക് മാത്രമാണെന്നാണ് കമ്മീഷന്റെ വിശദീകരണം. ഔദ്യോഗിക ഇമെയില്‍ സന്ദേശത്തോടൊപ്പമുള്ള കത്തില്‍ ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പിഴവ് സമ്മതിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ രംഗത്തെത്തിയത്.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവര്‍ സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകര്‍പ്പിലാണ് ബിജെപിയുടെ സീല്‍ ഉണ്ടായിരുന്നത്. ബിജെപി നല്‍കിയ ഈ കത്താണ് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അയച്ചു കൊടുക്കുകയാണുണ്ടായതെന്നാണ് രത്തന്‍ യു ഖേല്‍ക്കര്‍ പറയുന്നത്. മാര്‍ച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയില്‍പ്പെട്ടതായും ഉടന്‍ തന്നെ ആ നിര്‍ദ്ദേശം പിന്‍വലിച്ച് എല്ലാ പാര്‍ട്ടികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അറിയിപ്പ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. ‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന ചോദ്യത്തോടെ സിപിഐഎം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പും പങ്കുവച്ചു. ദേശീയതലത്തില്‍ തന്നെ കമ്മീഷനെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ സംഭവമെന്നും സിപിഐഎം കുറ്റപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here