

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിരമറി നടന്നെന്ന കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിന് ആശ്വാസമാകുന്നതാണ് ഹൈക്കോടതി നടപടി. പുനഃപ്രതിഷ്ഠയില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന റിപ്പോര്‍ട്ട് സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതി കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ശേഖരിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചു. പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേട് നടന്നെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.
ഭക്തരില്‍ നിന്നും മറ്റുമായി ആകെ 412.010 ഗ്രാം സ്വര്‍ണമാണ് ശേഖരിച്ചതെന്നാണ് മഹസ്സറിലും മറ്റു രേഖകളിലും രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണം സംഭാവന ചെയ്ത ഓരോ വ്യക്തികളില്‍ നിന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ഇതുപ്രകാരം ആകെ ലഭിച്ചിരിക്കുന്നത് 300 ഗ്രാം സ്വര്‍ണമാണെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സ്വര്‍ണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ കോടതി, റിപ്പോര്‍ട്ട് സ്വീകരിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി. ശബരിമലയിലെ ദ്വാരപാലക, കട്ടിളപ്പാളി സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫും സിപിഎമ്മും പ്രതിക്കൂട്ടിലായതിനു പിന്നാലെയാണ് കൊടിമര പുനഃപ്രതിഷ്ഠാ വിഷയവും ഉയര്‍ന്നുവന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ദേവസ്വം ബോര്‍ഡ് തലപ്പത്തിരിക്കുന്ന സമയത്തായിരുന്നു ഇത് നടന്നത്. എന്നാല്‍ ഇന്നത്തെ കോടതി വിധി ബോര്‍ഡ് അംഗമായിരുന്ന അജയ് തറയിലിന് ഉള്‍പ്പെടെ ആശ്വാസമാണ്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെയ് 18 വരെയാണ് സമയം അനുവദിച്ചത്. സ്വര്‍ണപ്പാളികളുടെ സാംപിളുകള്‍ ജംഷഡ്പൂരിലെ നാഷനല്‍ മെറ്റാലര്‍ജിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഏപ്രില്‍ അവസാനമേ ലഭിക്കൂ എന്ന് എസ്‌ഐടി കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചത്.










