അമ്പലപ്പുഴയില്‍ ജി.സുധാകരനെ പൊതുവേദിയില്‍ അവസരവാദിയെന്ന് വിളിച്ച് പിണറായി വിജയന്‍; വഞ്ചകര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീഴും

0
51

ആലപ്പുഴ: അമ്പലപ്പുഴയിലെ പൊതുയോഗത്തില്‍ സിപിഐഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ ജി.സുധാകരനെ അവസരവാദിയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴ പുന്നപ്ര വയലാറിന്റെ മണ്ണാണെന്നും അതിന് അതിന്റേതായ ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ചരിത്രം വഞ്ചന കാണിച്ചവരെ പ്രോത്സാഹിപ്പിക്കാന്‍ ഉള്ളതല്ലെന്നും പിണറായി വിമര്‍ശിച്ചു. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐഎം വിട്ട ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുകയാണ്. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് ഒരു തരത്തിലുള്ള പോറലും ഏല്‍ക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ഒരു വ്യതിയാനത്തിന്റെയും കൂടെ നിന്ന ചരിത്രമല്ല ആലപ്പുഴയുടേത്. വ്യതിയാനം ഉണ്ടായവര്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും നാടും നാട്ടുകാരും ശരിയായ വഴിക്ക് ഉറച്ചു നിന്നിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫ് ശ്രമിക്കുകയാണ്. യുഡിഎഫിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ് അമ്പലപ്പുഴ മണ്ഡലം. അവസരവാദ രാഷ്ട്രീയത്തിന്റെ കൂടെ നില്‍ക്കണോ എന്ന് ജനങ്ങള്‍ ചിന്തിക്കും. അമ്പലപ്പുഴയിലെ ജനങ്ങളെ കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അതീവ നിര്‍ണായകമാണെന്നും ഇടതുപക്ഷം സമഗ്രമായ മാറ്റം കൊണ്ട് വന്നതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും വികസനം നേടി. 10 വര്‍ഷം കേരളത്തില്‍ വലിയ പുതുമയുള്ള കാര്യമല്ല. സര്‍ക്കാരുകള്‍ മാറി മാറിവന്ന ചരിത്രമാണ് ജനങ്ങള്‍ തിരുത്തിയതെന്നും അത് ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വളര്‍ന്ന ആര്‍എസ്എസിനെയും ബിജെപിയെയും കേരളം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം തകരട്ടെ എന്ന നിലപാടാണ് ബിജെപിയും ആര്‍എസ്എസും കേന്ദ്ര സര്‍ക്കാരും എടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here