ഇന്‍ഷുറന്‍സിനായി ഭാര്യയെയും മക്കളെയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നു; പ്രതി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

0
40

മലപ്പുറം: ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഷരീഫിനെ ബംഗളൂരുവില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ഷരീഫിനെ ഇപ്പോഴാണ് ബംഗളൂരുവില്‍ നിന്ന് വലയിലാക്കിയത്. 2012-ലാണ് പ്രതി ഷരീഫ്, തന്റെ ഭാര്യയെയും നാലും രണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെയും സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് മറിച്ചിട്ട് കൊലപ്പെടുത്തിയത്.

2012 ജൂലൈ 21ന് രാത്രി 2 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഷരീഫിന്റെ ഭാര്യ ഒളവട്ടൂര്‍ മായങ്കരതടത്തില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ ഉള്‍പടെ സാബിറയെയും മക്കളൈയും മറിച്ചിടുകയായിരുന്നു. ടയര്‍ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷെരീഫ് പറഞ്ഞിരുന്നത്. മരിച്ച രണ്ട് വയസ്സുകാരി ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഷരീഫ് തന്നെയാണ് അപകടത്തെക്കുറിച്ച് പറഞ്ഞത്.

എന്നാല്‍, അന്വേഷണത്തില്‍ പൊലീസിന് സംശയം തോന്നിയതോടെ ഷരീഫിനെ വിശദമായി ചോദ്യം ചെയ്തു. ഈ അന്വേഷണത്തിലാണ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തിയത്. സംഭവം നടക്കുന്നതിനു രണ്ടുമാസം മുന്‍പ് ഷരീഫ് ഭാര്യ സാബിറയുടെ പേരില്‍ എടുത്ത പത്തു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. 76-ാം ദിവസം അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. 2015 ഏപ്രില്‍ 22ന് ഒളിവില്‍പോയ ഷരീഫിനായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here