

കോഴിക്കോട്: നാലുദിവസമായി മടിക്കേരിയില്‍ ട്രക്കിംഗിനിടെ വനത്തില്‍ കുടുങ്ങിക്കിടന്ന മലയാളി ഐടി പ്രൊഫഷണല്‍ ശരണ്യയ്ക്ക് കാടിനു വെളിയിലെത്തിയതോടെ പറയാനുള്ളത് തന്റെ വനത്തിലെ ജീവിതത്തെ കുറിച്ച്. ഒരു കുപ്പി വെള്ളം മാത്രമാണ് തന്റെ കയ്യിലുണ്ടായിരുന്നതെന്നും താന്‍ ഓകെയാണെന്നും ശരണ്യ പറഞ്ഞു. മൂന്നു ദിവസം ഭക്ഷണമില്ലാതെ അരുവിയിലെ വെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞത്. അവിടെ ഒരു മരത്തിനു താഴെയാണ് ശരണ്യ ഉണ്ടായിരുന്നത്. അതിനു സമീപം ഒരു അരുവി ഉണ്ടായിരുന്നത് വെള്ളം ലഭിക്കുന്നതിനു തുണയായി.
ട്രക്കിംഗ് ഒരു ശീലമാക്കിയയാളാണ് ശരണ്യ എന്ന 36കാരി. കൊച്ചിയില്‍ ഐടി പ്രൊഫഷണലാണ് കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനിയായ ശരണ്യ. ഏപ്രില്‍ ഒന്നിനാണ് കുടകിലെ ഏറ്റവും ഉയരമുള്ള താന്‍ഡിയമോള്‍ കൊടുമുടി കയറാന്‍ ശരണ്യ എത്തിയത്. ഒറ്റയ്ക്കായതിനാല്‍ കാട്ടാന ഇറങ്ങുന്ന സ്ഥലത്തേക്ക് കടത്തി വിട്ടില്ല. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നെങ്കിലും ഒറ്റയ്ക്കായതു കൊണ്ടാണ് കയറ്റിവിടാതിരുന്നത്. പിന്നീട് തൊട്ടടുത്ത് തന്നെ ഒരു ഹോം സ്‌റ്റേയില്‍ താമസമാക്കിയ ശേഷം വ്യാഴാഴ്ച പത്തു പേരടങ്ങുന്ന ട്രക്കിംഗ് സംഘത്തോടൊപ്പം മലകയറാന്‍ തുടങ്ങി.
എന്നാല്‍, മറ്റുള്ളവരില്‍ നിന്ന് അല്‍പം പിന്നിലായി നടന്ന ശരണ്യയ്ക്ക് എപ്പോഴോ വഴി തെറ്റി. ഒരു സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായി പോയി. അതിനു മുന്നോടിയായി വഴി തെറ്റി എന്നറിയിച്ച്് ശരണ്യയുടെ സന്ദേശം അന്നേദിവസം ഉച്ചയോടെ ഹോം സ്‌റ്റേ അധികൃതര്‍ക്ക് ലഭിച്ചു. അവരാണ് പൊലീസിനെ വിവരമറിയിച്ചത്. ഒടുവില്‍ നാലുദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ശരണ്യയെ കൊടും വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് പ്രതീക്ഷിച്ചത് എന്നതിനാല്‍ ഡ്രോണിനു ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്ന് കാടിനു പുറത്തെത്തിയ ശേഷം ശരണ്യ പറഞ്ഞു. ഇതിലും വലിയ ട്രെക്കിങ് നടത്തിയിട്ടുണ്ട്. എല്ലാം ഓക്കെയാണെന്നും താന്‍ സന്തോഷവതിയാണെന്നും ശരണ്യ പറഞ്ഞു. നാട്ടിലുള്ള അമ്മയോട് ശരണ്യ ഫോണില്‍ സംസാരിച്ചു.
സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 1748 മീറ്റര്‍ ഉയരത്തിലുള്ളതും വന്യമൃഗശല്യമുള്ളതുമായ ദുര്‍ഘട വനമേഖലയിലായിരുന്നു ശരണ്യ കുടുങ്ങിയത്. വഴി തെറ്റിയ ഉടനെ ഹോം സ്‌റ്റേയിലേക്ക് മെസേജ് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ ആരംഭിച്ചത്. ആറു സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാദൗത്യ സംഘം ഞായറാഴ്ച ശരണ്യയ്്ക്കായി തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടയില്‍ പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ശബ്ദം കേട്ടിട്ടാണ് ആ പ്രദേശത്തേക്ക് പോയി നോക്കിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. വൈകുന്നേരം ആറരയോടെ രക്ഷാസംഘം ശരണ്യയെ വനത്തിനു പുറത്തെത്തിച്ചു. പിന്നീട് തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
ശരണ്യയെ കണ്ടെത്താനായി കര്‍ണാടക സര്‍ക്കാര്‍ നൂറംഗ പ്രത്യേക സംഘത്തെയാണ് തിരച്ചിലിനായി നിയോഗിച്ചത്. രക്ഷാദൗത്യത്തില്‍ കേരള – കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്തമായാണ് ഇടപെട്ടത്. കേരള മുഖ്യമന്ത്രി നേരിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുകയും ദൗത്യം ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രിയുമായും വനംമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും നിരന്തരമായി ബന്ധപ്പെട്ട് തിരച്ചിലിനു നേതൃത്വം നല്‍കി.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണ്. രണ്ടു മാസത്തിലേറെയായി നാദാപുരത്തെ വീട്ടില്‍ പോയിട്ടില്ലാത്ത ശരണ്യ കുടകില്‍ ട്രെക്കിങ്ങിന് പോകുന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ് പശ്ചിമഘട്ട മലനിരകളില്‍ സുമുദ്രനിരപ്പില്‍ നിന്ന് 1,748 തടിയന്‍ഡമോള്‍. കുടകിന്റെ എല്ലാ ഭാഗങ്ങളും കേരള അതിര്‍ത്തിയും മറ്റും ഭംഗിയോടെ കാണാനാകുന്ന മലനിരയാണിത്.










