കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍; തൂത്തുക്കുടി കസ്റ്റഡിക്കൊലയില്‍ 9 പ്രതികള്‍ക്കും വധശിക്ഷ

0
152

മധുര: പ്രമാദമായ തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതികളായ പത്തില്‍ ഒന്‍പത് പേര്‍ക്കും വധശിക്ഷ വിധിച്ചാണ് മധുര ജില്ലാ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വ്യാപാരികളായ പി.ജയരാജ്, മകന്‍ ജെ.ബെനിക്‌സ് എന്നിവര്‍ സാത്താന്‍കുളം പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത്. മദ്രാസ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ ആണ് കേസ് അന്വേഷിച്ചത്. സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പത്തു പേരാണ് ഉണ്ടായിരുന്നത്.

ആറുവര്‍ഷം മുന്‍പ് 2020 ജൂണില്‍ കൊവിഡ് കാലത്താണ ്‌കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജയരാജും മകന്‍ ബെനിക്‌സും കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാകുകയും ദിവസങ്ങള്‍ക്കകം മരിക്കുകയും ചെയ്‌തെന്നാണ് കേസ്. 2020 ജൂണ്‍ 19നാണ് ജയരാജിനെയും ബെനിക്‌സിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും മരണപ്പെടുകയായിരുന്നു.

സ്റ്റേഷനില്‍ രാത്രി മുഴുവന്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ഉള്‍പ്പെടെയുള്ള കഠിനമായ ശാരീരിക പീഡനത്തിന്റെ അടയാളങ്ങള്‍ മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കേസന്വേഷിച്ചിരുന്ന തമിഴ്‌നാട് സിബിസിഐഡിയില്‍ നിന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. അച്ഛനും മകനുമെതിരായ രെയുള്ള പൊലീസ് ആരോപണം തെറ്റാണെന്നും സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞു.

സ്റ്റേഷനിലുണ്ടായിരുന്ന ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമായി. അച്ഛനും മകനും രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടുവെന്നും സ്റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി സാത്താന്‍കുളം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here