

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി പുറപ്പെടുവിച്ച എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. ഹണി എം വര്‍ഗീസുള്‍പ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ സുപ്രീംകോടതി കൊളീജിയം പിന്നീട് തീരുമാനം എടുക്കും.
സീനിയോറിറ്റി അടിസ്ഥാനത്തിലാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി എസ് ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് നസീര്‍ എന്നിവരെ ഹൈക്കോടതി ജഡ്ജിമാരാക്കാനാണ് ശുപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം വര്‍ഗീസ്.
നേരത്തെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്നു ഹണി എം വര്‍ഗീസ്. 2019ലാണ് അന്ന് സിബിഐ സ്‌പെഷ്യല്‍ കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്ജിയായി ഹൈക്കോടതി നിയമിച്ചത്. വനിത ജഡ്ജി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബര്‍ എട്ടിന് കേസില്‍ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചപ്പോള്‍ എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ നാല് പേരെ വെറുതെ വിടുകയും ചെയ്തു.










