
തൃശ്ശൂര്‍: അപ്രതീക്ഷിതമായുണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. എന്താണ് സംഭവിച്ചതെന്നറിയാതെ ദുരന്തത്തിന്റെ കാരണം തേടി ആശങ്കാകുലരായിരിക്കുകയാണ് ജനങ്ങള്‍. അപകടത്തില്‍ ഇതുവരെ 14 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ മൂന്നു പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തിലധികം പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചതിനാല്‍ ഇവ തിരിച്ചറിയുന്ന നടപടിക്രമങ്ങള്‍ ഏറെ പ്രയാസകരമായി തുടരുകയാണ്. മാത്രമല്ല, അപകടത്തിന് പിന്നാലെ കാണാതായവര്‍ക്കായി സമീപത്തെ കുളങ്ങളില്‍ ഉള്‍പ്പെടെ നടത്തിയ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തൃശ്ശൂര്‍ പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശിയായ സുദര്‍ശനന്‍ (54), പാലക്കാട് കുമരനെല്ലൂര്‍ മാടിപ്പുറം സ്വദേശിയായ വാസുദേവന്‍ (54), തൃശ്ശൂര്‍ കുണ്ടന്നൂര്‍ സ്വദേശിയായ സുവിന്‍ (40) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പരിക്കേറ്റവര്‍ക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടര്‍മാരുമായി കളക്ടര്‍ ചര്‍ച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.
തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പൂരം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കശാലയിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍പെട്ട തങ്ങളുടെ ഉറ്റവരെക്കുറിച്ച് വിവരങ്ങള്‍ അറിയാന്‍ നിരവധി ആളുകളാണ് ആശുപത്രി പരിസരത്ത് ആശങ്കയോടെ കാത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി മോര്‍ച്ചറിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പോലീസാണ് കേസെടുത്തത്.










