

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റിലായി. തേനിയില്‍ നിന്നാണ് പൊലീസ് സാഹസികമായി അനിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. മോഷണത്തിനു ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. സംസ്ഥാനത്തിനകത്ത് അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് ഡോളര്‍ അനി എന്ന് പൊലീസ് പറഞ്ഞു. അനിയുടെ അറസ്‌റ്റോോടെ പ്രമാദമായ എട്ടോളം മോഷണക്കേസുകള്‍ക്ക് തുമ്പായി.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഷിമോഗ കൊപ്പ സ്വദേശി ഡോളര്‍ അനി എന്നറിയപ്പെടുന്ന അനില്‍കുമാര്‍ (38), ഇയാളുടെ കൂട്ടാളി താമരശ്ശേരി അമ്പായത്തോട് സ്വദേശി ജെയിംസ് (57) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24-നാണ് കോഴിക്കോട് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടില്‍നിന്ന് 20 പവനോളം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടുകാര്‍ യാത്രപോയ സമയം നോക്കി വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് അനില്‍ മോഷണം നടത്തിയത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചയാളാാണ് ജെയിസ്.
സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതില്‍നിന്നാണ് മോഷണം നടത്തിയത് അനില്‍കുമാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു. ഇതേതുടര്‍ന്ന് കോഴിക്കോട് ഡിസിപി പദംസിങ്, ടൗണ്‍ എസിപി പ്രമോദന്‍ കെ.വി., നടക്കാവ് സിഐ ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ്‌നാട് കമ്പത്തുള്ള ഒരു കോളനിയില്‍ ഒളിച്ചു താമസിക്കുകയായിരുന്ന അനിയെ കണ്ടെത്തിയത്.
ഇതിനിടെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് അവിടെ എത്തിയതോടെ അനില്‍ തേനിയിലേക്ക് കടന്നു. ഒടുവില്‍ തേനി ടൗണില്‍ വെച്ച് സാഹസികമായാണ് കേരള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അനില്‍കുമാറിന്റെ അറസ്റ്റോടെ കോഴിക്കോട്ടെ കുറ്റിക്കാട്ടൂര്‍, മേത്തോട്ടുതാഴം, വയനാട്ടിലെ കല്‍പ്പറ്റ തുടങ്ങിയിടങ്ങളിലെ എട്ടോളം കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായി. അനിലിനെ ചോദ്യം ചെയ്തതില്‍നിന്നാണ് സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച ജെയിംസിനെക്കുറിച്ച് വിവരം ലഭിച്ചത്. മുപ്പതിലധികം ഭവനഭേദന കേസുകളില്‍ പ്രതിയായ ജെയിംസ് മുന്‍പും പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.










