പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

0
15

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാന്‍ റോയല്‍സ്. ആവേശപ്പൂരം തീര്‍ത്ത മത്സരത്തില്‍ രാജസ്ഥാന്‍ ആറു വിക്കറ്റിന് പഞ്ചാബിനെ തോല്‍പിച്ചു. പഞ്ചാബിന്റെ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാലുപന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആറാം വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് അടിച്ചെടുത്തു. 22 പന്തില്‍ 62 റണ്‍സടിച്ച് വെടിക്കെട്ട് തീര്‍ത്ത മാര്‍കസ് സ്റ്റോയ്‌നിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ആറു സിക്‌സുകളും നാലു ഫോറുകളുമായാണ് സ്റ്റോയിനിസിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. 44 പന്തുകളില്‍ 59 റണ്‍സടിച്ച ഓപ്പണര്‍ പ്രബ്‌സിമ്രന്‍ സിങ്ങും അര്‍ധ സെഞ്ചറി തികച്ച് റണ്‍വേട്ടയില്‍ പങ്കാളിയായി. പഞ്ചാബിനായി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം തിളങ്ങി. കൂപ്പര്‍ കോണോലി (14 പന്തില്‍ 30), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (27 പന്തില്‍ 30), പ്രിയന്‍ഷ് ആര്യ (11 പന്തില്‍ 29) എന്നിങ്ങനെ എല്ലാവരും തകര്‍ത്തടിച്ചു.

മറുപടി ബാറ്റിങ്ങില്‍ ഡോനോവന്‍ ഫെരേരയും യശസ്വി ജയ്‌സ്വാളും രാജസ്ഥാനു വേണ്ടി അര്‍ധ സെഞ്ചറികള്‍ സ്വന്തമാക്കി. 26 പന്തുകളില്‍നിന്ന് ഡോനോവന്‍ ഫെരേര 52 റണ്‍സും 27 പന്തുകളില്‍ ജയ്‌സ്വാള്‍ 51 റണ്‍സും സ്‌കോര്‍ ചെയ്തു. വൈഭവ് സൂര്യവംശി (16 പന്തില്‍ 43), ശുഭം ദുബെ (12 പന്തില്‍ 31) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 29 റണ്‍സടിച്ചു പുറത്തായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here