ലക്ഷദ്വീപില്‍ പോകാന്‍ ഇനി പിസിസി വേണ്ട; സന്ദര്‍ശന നിബന്ധനകളില്‍ വന്‍ ഇളവ്; ലക്ഷ്യം ടൂറിസത്തിന്റെ വളര്‍ച്ച

0
25

കോഴിക്കോട്: ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്‌പോണ്‍സറും ഒഴിവാക്കി ഭരണകൂടം. ലക്ഷദ്വീപില്‍ ടൂറിസത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം. ഇതനുസരിച്ച് ടൂറിസ്റ്റ് കാറ്റഗറിയില്‍ വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിനായി ആധാര്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകളും താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ വിവരങ്ങളും നല്‍കിയാല്‍ പെര്‍മിറ്റ് ലഭിക്കും. ഒരു അപേക്ഷയില്‍ പരമാവധി ആറു പേരെ വരെ ഉള്‍പ്പെടുത്താനാകും. അപേക്ഷാ ഫീസായി ഒരാള്‍ക്ക് 50 രൂപ വീതമാണ് നല്‍കേണ്ടത്. ഇതുകൂടാതെ മുതിര്‍ന്നവര്‍ക്ക് 200 രൂപ വീതം ഹെറിറ്റേജ് ഫീസും 12 മുതല്‍ 18 വരെ വയസ്സുള്ളവര്‍ക്ക് 100 രൂപ ഹെറിറ്റേജ് ഫീസും നല്‍കണം.

ദ്വീപുകള്‍ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി സീപ്ലെയ്ന്‍ സര്‍വീസിനും അനുമതിയായി. രാജ്യത്ത് തന്നെ വിപുലമായ റൂട്ടുള്ള ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസിനാണ് ലക്ഷദ്വീപില്‍ തുടക്കമിടുന്നത്. ബംഗാരം, അഗത്തി, കവരത്തി തുടങ്ങിയ പ്രധാന ദ്വീപുകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഈ തീരുമാനം സഹായിക്കും. കൊച്ചിയില്‍നിന്ന് വിവിധ ദ്വീപുകളിലേക്ക് 19 സീറ്റര്‍ വിമാനങ്ങളാകും ലക്ഷദ്വീപില്‍ സീപ്ലെയ്ന്‍ സര്‍വീസിന് അനുമതി ലഭിച്ചിട്ടുള്ള സ്‌കൈഹോപ് ഏവിയേഷന്‍ രംഗത്തിറക്കുക.

കപ്പല്‍ വഴിയോ വിമാനം വഴിയോ ദ്വീപില്‍ എത്തുന്നവര്‍ യാത്രയ്ക്ക് മുന്‍പ് ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇപ്പോഴും പാസ്‌പോര്‍ട്ടും വീസയും നിര്‍ബന്ധമാണ്. 1967 മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വഴി ദ്വീപിലെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനയാണ് അഡ്മിനിസ്‌ട്രേഷന്‍ ഒഴിവാക്കിയത്. ദ്വീപിലേക്ക് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഈ നീക്കം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ലക്ഷദ്വീപിലേക്ക് പോകുന്നതിന് വേണ്ട സുപ്രധാന രേഖയായിരുന്നു പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നു സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ രേഖ ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. ഇതിനൊപ്പം ദ്വീപിലെ താമസക്കാരനോ സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നേച്ചര്‍ ടൂറിസം ആന്‍ഡ് സ്പോര്‍ട്‌സ് പോലെയുള്ള അംഗീകൃത സംഘടനയോ അല്ലെങ്കില്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍ സ്പോണ്‍സര്‍ ചെയ്താല്‍ മാത്രമേ പെര്‍മിറ്റ് അനുവദിച്ചിരുന്നുള്ളൂ. ഈ രണ്ട് നിബന്ധനയും ഒഴിവാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here