200-ല്‍ അധികം സീറ്റുകള്‍ നേടി തുടര്‍ ഭരണം നേടും; ആത്മവിശ്വാസം പ്രകടിപ്പിച്ച് മമത; എക്‌സിറ്റ് പോളുകള്‍ ഓഹരി വിപണിയെ സ്വാധീനിക്കാന്‍

0
37

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കടുത്ത ശുഭാപ്തി വിശ്വാസവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മേയ് നാലിന് വോട്ടെണ്ണുമ്പോള്‍ 200-ല്‍ അധികം സീറ്റുകള്‍ നേടി തൃണമൂല്‍ വിജയിക്കുമെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കൗണ്ടിങ് ഏജന്റുമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. എക്സിറ്റ് പോള്‍ ഫലങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞ മമത അതെല്ലാം ഓഹരി വിപണയെ സ്വാധീനിക്കാനുള്ള അടവുകളാണെന്നും കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ വീണ്ടും വിജയിക്കും വിജയിക്കുന്നത് 200ലധികം സീറ്റുകള്‍ നേടിയാകും. എക്സിറ്റ് പോളുകളെല്ലാം ഓഹരി വിപണിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ്. അവര്‍ 2021ലും 2024ലും ഇപ്പോഴും ഇത് തന്നെയാണ് ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതുമെന്നും മമത പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ സെന്‍ട്രല്‍ ആര്‍മ്ഡ് പൊലീസ് ഫോഴ്സുകള്‍ ക്രൂരമായാണ് പെരുമാറിയതെന്ന് ആരോപിച്ച മമത, ഇതിന് ഇരയായവര്‍ക്ക് പാര്‍ട്ടി സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനത്തില്‍ കനത്ത ജാഗ്രത വേണം എന്നാണ് പ്രവര്‍ത്തകര്‍ക്ക് മമതയുടെ മുന്നറിയിപ്പ്.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ റീപോളിങ് നടക്കുന്നതിനിടെയാണ് മമതയുടെ പരാമര്‍ശം. സംസ്ഥാനത്ത് രണ്ടാംഘട്ട പോളിങ് നടക്കുന്നതിനിടെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിന് കീഴിലുള്ള ഫാള്‍ട്ടയിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ തടസമുണ്ടായെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here