
കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കില്ലെന്ന് മമത ബാനർജി പറഞ്ഞു. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് മമത പറയുന്നത്. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തുന്നുണ്ട്. നിയമവ്യവസ്ഥ ഇല്ലാതാകുമ്പോൾ, തെരഞ്ഞെടുപ്പു കമ്മിഷൻ പക്ഷപാതപരമായി പെരുമാറുമ്പോൾ, തെറ്റായ സന്ദേശമാണ് ലോകത്തിനു ലഭിക്കുന്നതെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ 90 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ പൊതുജനാഭിപ്രായമല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും മമത അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ മത്സരം ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണെന്നും ബാനർജി ആരോപിച്ചു.







