
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിനായി അവകാശ വാദം ഉന്നയിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത. സർക്കാർ രൂപീകരണത്തിനുള്ള AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെയാണ് നീക്കം. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി.
അരുൺരാജ്, എൻ ആനന്ദ്, സെങ്കോട്ടയ്യൻ, അധവ് അർജുനൻ, വെങ്കിട്ടരാമൻ എന്നീ എംഎൽഎമാരാണ് വിജയ്ക്കൊപ്പം ഉണ്ടായിരുന്നത്. 107 സീറ്റുകളാണ് ഇപ്പോൾ ടിവികെക്ക് ഉള്ളത്. 10 സീറ്റുകൾ കൂടി ഉറപ്പിച്ചാലേ വിജയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കൂ. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.
തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി നാളെ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.







