മുഖ്യമന്ത്രിയെ എഐസിസി തീരുമാനിക്കും; നിരീക്ഷകര്‍ മടങ്ങി; കരുക്കള്‍ നീക്കി നേതാക്കള്‍; ഘടകകക്ഷികളുടെ മനസ്സിലെന്ത്.?

0
21

തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡണ്ടിനു നല്‍കി കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് മടങ്ങി. യുഡിഎഫ് എംഎല്‍എമാരുമായും നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിരീക്ഷകര്‍ മടങ്ങുന്നത്. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും റിപ്പോര്‍ട്ട് തയ്യാറാക്കി എഐസിസി പ്രസിഡണ്ടിന് സമര്‍പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിൡപ്പിച്ച് ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം എഐസിസി പ്രസിഡണ്ടിന് നല്‍കി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഐക്യകണ്ഠമായി പ്രമേയം പാസാക്കി. കെപിസിസി പ്രസിഡണ്ട് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി സതീശന്‍ പിന്താങ്ങി. പ്രമേയം എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും അടക്കം പങ്കെടുത്ത യോഗമാണ് പ്രമേയം പാസാക്കിയത്. യോഗത്തിനു ശേഷം കോണ്‍ഗ്രസിന്റെ 63 എംഎല്‍എമാരുമായും എഐസിസി നിരീക്ഷകര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കെ.സുധാകരന്‍, വി.എം.സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.ജെ.കുര്യന്‍ തുടങ്ങി പ്രമുഖ നേതാക്കളുമായും നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി. 2021-ല്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്നും ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അത് ബാക്കി ഉള്ളവരെ ബോധ്യപ്പെടുത്തണമെന്നും മുതിര്‍ന്ന നേതാക്കള്‍ എഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഘടകകക്ഷി നേതാക്കളുമായും എംഎല്‍എമാരുമായും ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി. സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന വികാരമാണ് ലീഗ് പ്രകടിപ്പിച്ചതെന്നാണ് സൂചന. ജനവികാരം കൂടി കണക്കിലെടുത്തായിരിക്കണം മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് പി.ജെ ജോസഫ് അറിയിച്ചിട്ടുണ്ട്. നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും പുറത്തുപറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാണി സി കാപ്പനും വ്യക്തമാക്കി. ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും സ്വീകാര്യമാണെന്നാണ് ആര്‍എസ്പിയുടെ നിലപാട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എന്നിവരില്‍ ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം ധാരണയിലെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എംഎല്‍എമാര്‍ ഇങ്ങോട്ടു പറയുന്നതു കേട്ട് ഓരോ എംഎല്‍എയുടെയും അഭിപ്രായം രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കെന്ന് നോക്കിയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഒപ്പം പൊതു സ്വീകാര്യത, ഭരണപരിചയം, ഘടകകക്ഷികളുടെ പിന്തുണ, മുന്നണി സംവിധാനത്തെ കാര്യക്ഷമതയോടെയും ഒത്തിണക്കത്തോടെയും നയിക്കാനുള്ള പ്രാഗല്‍ഭ്യം, ഹൈക്കമാന്‍ഡിനുള്ള വിശ്വാസം എന്നിവയും അന്തിമതീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നു കരുതുന്നവരുണ്ട്. എംഎല്‍എമാരാണ് എന്നതു സതീശനും രമേശിനും അനുകൂലഘടകമാണ്. എംഎല്‍എ അല്ലാത്തവരും മുഖ്യമന്ത്രിയായിട്ടുണ്ട് എന്ന കീഴ്വഴക്കം വേണുഗോപാലിനും ചൂണ്ടിക്കാട്ടാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here