
തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ. ഇന്ന് വൈകുന്നേരം നാല് മണിയോടെ സാഹിത്യ അക്കാദമിയിൽ എത്തിയ സച്ചിദാനന്ദൻ മറ്റ് നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കുകയായിരുന്നു. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം രാജിവെക്കാനാണ് താൻ എത്തിയതെന്ന് സച്ചിദാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭരണത്തുടർച്ചയെ സംബന്ധിച്ച കാര്യങ്ങളിൽ ഇനി ഒന്നും പറയാനില്ല. പത്തുവർഷം കഴിഞ്ഞാൽ കോൺഗ്രസും ഇതുപോലെ പോകേണ്ടിവരും. ‘സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്‍റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്’ എന്നാണ് സച്ചിദാനന്ദന്‍റെ പ്രതികരണം. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി.
സച്ചിദാനന്ദനെ കൂടാതെ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് പദവിയിൽ നിന്നും അശോകൻ ചെരുവിലും രാജിവച്ചു. രാജി ഇന്നുണ്ടായേക്കുമെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്ക് കമന്റിലൂടെ സൂചന നൽകിയിരുന്നു.







